കൊവിഡ് പ്രതിസന്ധിയിലും സിനിമാരംഗം സജീവമായത് പ്രത്യാശപകരുന്നുവെന്ന് മുഖ്യമന്ത്രി

Update: 2021-11-30 00:40 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച നാളുകളിലും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ സിനിമാ മേഖലയിലുള്ളവര്‍ വ്യാപൃതരായിരുന്നുവെന്നതു പ്രത്യാശ പകരുന്ന കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരി സിനിമ മേഖലയെ പ്രതിസന്ധിയിലാക്കിയ 2020ല്‍ 100 സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടുവെന്നതു ശ്രദ്ധേയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ 80 എണ്ണം ചലച്ചിത്ര പുരസ്‌കാരത്തിനു സമര്‍പ്പിക്കപ്പെട്ടു. 

ഇവയില്‍നിന്നു പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ പ്രയാണത്തിന് സാംസ്‌കാരിക ഊര്‍ജം പകരുന്നവയാണ്. മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയവ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ചിത്രീകരണം പുനരാരംഭിക്കുകയും തിയേറ്ററുകള്‍ വീണ്ടും സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ മലയാള സിനിമയുടെ ശോഭനമായ ഭാവിയെക്കുറിച്ചു ശുഭ സൂചനകളാണു പുരസ്‌കാരങ്ങള്‍ക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധിയിലായ സിനിമ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം നടക്കുന്ന സിനിമ മ്യൂസിയത്തിന്റെ ആദ്യ ഘട്ടം അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിങ് സെന്ററാക്കി കേരളത്തെ മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സിനിമ രംഗത്തെ പരമോന്നത പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ടെലിവിഷന്‍ മേഖലയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഇത്തവണ പ്രത്യേകമായ ചടങ്ങില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

35 വിഭാഗങ്ങളിലായി 48 പേര്‍ക്കാണു മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.

Tags:    

Similar News