സ്‌കൂളുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേര്‍ത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളില്‍ തിരഞ്ഞെടുപ്പിന്റെ അറിയിപ്പുകള്‍ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂള്‍ ഭിത്തികളില്‍ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങള്‍ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂര്‍ കൂനയില്‍ ഗവ. എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഗൗരി ബി.എസ് സമര്‍പ്പിച്ച പരാതിയുടേയും പത്രവാര്‍ത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, റെനി ആന്റണി എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളില്‍ ഇത്തരം സ്‌കൂളുകളില്‍ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിര്‍ണ്ണയിക്കണം. പരിശോധന നടത്തുന്ന വിവരം 15 ദിവസത്തിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ ഇതിനോട് സഹകരിക്കുന്നില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുകയും വേണം. റിപോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
നശിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ചിത്രങ്ങളും ചുമരെഴുത്തുകളും ഈ തുക ഉപയോഗിച്ച് പുനരാവിഷ്‌ക്കരിച്ച് സ്‌കൂളുകളില്‍ ശിശുസൗഹൃദ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ തുക അവരില്‍ നിന്നും ഈടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.