വിമതശിവസേന വിഭാഗത്തിന്റെ വാദങ്ങള്‍ വ്യാജം; ഉദ്ദവ് താക്കറെ വിഭാഗം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയും വിമത ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ വാദങ്ങള്‍ വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. പാര്‍ട്ടി നിയന്ത്രണത്തിനുവേണ്ടി സുപ്രിംകോടതിയിലാണ് ഉദ്ദവ് താക്കറെ വിഭാഗം ഷിന്‍ഡെ വിഭാഗത്തിനെതിരേ ആരോപണങ്ങളുന്നയിച്ചത്.
''ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിനെതിരേ ജനരോഷമുണ്ടെന്ന തെറ്റായ ആരോപണമാണ് ഷിന്‍ഡെ വിഭാഗം ഉയത്തിയത്. യാഥാര്‍ത്ഥ്യം അതല്ല, രണ്ടര വര്‍ഷത്തോളം എംഎല്‍എമാര്‍ മഹാ വികാസ് അഘാഡി വിഭാഗത്തോടൊപ്പമായിരുന്നു. അവര്‍ ഈ സഖ്യത്തെ എതിര്‍ത്തിട്ടുമില്ല''- പ്രസ്താവനയില്‍ പറയുന്നു.
''അതിനുശേഷമുണ്ടായ അവിശ്വാസപ്രമേയത്തിന്മേലുളള വോട്ടെടുപ്പും ഷിന്‍ഡെയ മുഖ്യമന്ത്രിയായി നിയമിക്കലും തുടങ്ങി എല്ലാ സംഭവവികാസങ്ങളും വിഷവൃക്ഷത്തിന്റെ ഫലങ്ങളാണ്''- വിമത എംഎല്‍എമാരാണ് ഈ വിഷവൃക്ഷത്തിന്റെ വിത്തുകള്‍ പാകിയതെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
''തങ്ങളുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനാണ് വിമത എംഎല്‍എമാര്‍ 'യഥാര്‍ത്ഥ സേന' എന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പാര്‍ട്ടി കേഡറുടെ പിന്തുണയുണ്ടെങ്കില്‍ വിമത എംഎല്‍എമാര്‍ക്ക് മഹാരാഷ്ട്ര വിട്ട് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ പോകേണ്ടി വന്നതെന്നും അസമില്‍ ബിജെപിയുടെ മടിത്തട്ടില്‍ ഇരിക്കേണ്ടിവന്നതും എന്തുകൊണ്ടാണെന്ന് വ്യക്തമല്ല-ഗുജറാത്തിലും അസമിലും ശിവസേനയില്ല. അവിടെ സഹായത്തിനുണ്ടായിരുന്നത് ബിജെപിയാണ്. അവരാണ് സഹായം ചെയ്തത്''- താക്കറെ പക്ഷം പറയുന്നു.
ബിജെപിയുടെ പിന്തുണ തേടിയിട്ടുള്ള ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതര്‍ ബിജെപിയെ ശിവസേനയുടെ പഴയ സഖ്യകക്ഷിയെന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ ബിജെപി ഒരിക്കലും ശിവസേനയ്ക്ക് തുല്യമായ പദവി നല്‍കിയിട്ടില്ലെന്നും ഉദ്ദവ് വിഭാഗം പറയുന്നു.