സിഎഎ വിരുദ്ധപ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി ഉടന്‍ പിന്‍വലിക്കണം; യുപി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി സുപ്രിംകോടതി

Update: 2022-02-12 16:46 GMT

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ സുപ്രിംകോടതി. വെള്ളിയാഴ്ചയാണ് സുപ്രിംകോടതി യുപി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.

നിങ്ങള്‍ നിയമവ്യവസ്ഥയ്ക്ക് അകത്തുനിന്ന് പ്രവര്‍ത്തിക്കണം. അത് പരിശോധിക്കൂ. നിങ്ങള്‍ക്ക് ഫെബ്രുവരി 18വരെ സമയം നല്‍കുന്നു- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് യുപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. സിഎഎ വിരുദ്ധ സമരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള തീരുമാനമെടുത്ത യുപി സര്‍ക്കാര്‍ ഒരേ സമയം 'പരാതിക്കാരനും ന്യായാധിപനും പ്രോസിക്യൂട്ടറും' ആയി പ്രവര്‍ത്തിച്ചുവെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി.

'നടപടികള്‍ നിങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ ഈ കോടതി അത് റദ്ദാക്കും''- ബെഞ്ച് താക്കീത് നല്‍കി.

'ശ്രീമതി പ്രശാദ്, ഇതൊരു നിര്‍ദേശം മാത്രമാണ്. ഒരു തരത്തിലുള്ള പ്രക്ഷോഭവുമായോ പ്രതിഷേധവുമായോ ബന്ധപ്പെട്ട് 2019 ഡിസംബറില്‍ അയച്ച ഒരു കൂട്ടം നോട്ടിസുകള്‍ മാത്രമാണ് ഈ ഹരജി പരിഗണിക്കുന്നത്. ഒരൊറ്റ ഒപ്പിലൂടെ നിങ്ങള്‍ക്ക് അവ പിന്‍വലിക്കാം. യുപി പോലുള്ള വലിയ സംസ്ഥാനത്ത് 236 നോട്ടിസുകള്‍ വലിയ കാര്യമൊന്നുമല്ല. നിങ്ങള്‍ അനുസരിക്കില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറായിക്കോളൂ. സുപ്രിം കോടതി വിധികള്‍ എങ്ങനെ പാലിക്കണമെന്ന് ഞങ്ങള്‍ കാണിച്ചുതരാം-യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷക ഗരിമ പ്രശാദിനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

സിഎഎ പ്രതിഷേധക്കാരുടെ ഫോട്ടോ പതിച്ച വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരേ അലഹബാദ് ഹൈക്കോടതിയും യുപി സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. യുപിയലും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടിയായിരുന്നു യുപിയിലെ ബിജെപി മന്ത്രിസഭ പ്രതികാരം തീര്‍ത്തത്. 

Tags:    

Similar News