രാജ്യത്തെ ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും

Update: 2021-11-30 04:17 GMT

ന്യൂഡല്‍ഹി: പ്രതിരോധശേഷിയില്‍ കുറവനുഭവപ്പെടുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷന്‍ ആണ് ഇതുസംബന്ധിച്ച നയം തയ്യാറാക്കുക. അതോടൊപ്പം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും. രാജ്യത്ത് 44 കോടി കുട്ടികളാണ് ഉള്ളത്.

കുട്ടികളില്‍ മുന്‍ഗണനയനുസരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. രോഗബാധയുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യ പരിഗണന.

പല രാജ്യങ്ങളും മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. ഒമിക്രോണ്‍ പോലുള്ള വകഭേദം റിപോര്‍ട്ട് ചെയ്തതോടെ അക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസിനത്തില്‍ മാത്രം 94 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരും. ഒരൊറ്റ രാത്രിയില്‍ നടത്താവുന്ന കാര്യമല്ല ഇതെന്നും ഡോ. അറോറ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന പ്രചാരണം അദ്ദേഹം തള്ളി. 

ഇപ്പോഴും രാജ്യത്തെ 12-15 കോടി പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല. 30 കോടി പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. മുന്‍ഗണനാക്രമമനുസരിച്ച് വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്തതോടെ വാക്‌സിന്‍ നിര്‍ബന്ധമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളുടേത് ഒമിക്രോണ്‍ വകഭേദമാണോ എന്ന് പരിശോധിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്നയാളുടേത് ഡല്‍റ്റ വകഭേദമാണ്.

ഒരാളുടേത് ഒമിക്രോണാണെന്ന് സംശയം പ്രകടിപ്പിച്ചത് കര്‍ണാടക ആരോഗ്യമന്ത്രിയാണ്. എന്നാല്‍ ഇക്കാര്യം മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.

Tags:    

Similar News