തിബറ്റ്: തിബറ്റിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 120 കടന്നു. 400-ലധികം ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാങ് മേഖലയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തോടെ 24 മണിക്കൂറിനുള്ളില്‍ 20 ലധികം ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായത്.
ഭൂകമ്പ ശാസ്ത്രജ്ഞര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും നിവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായ തിബറ്റില്‍ കഴിഞ്ഞ വര്‍ഷം 3.0 തീവ്രത രേഖപ്പെടുത്തിയ നൂറിലധികം ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.
ചൈനീസ് സ്റ്റേറ്റ് മീഡിയ പറയുന്നതനുസരിച്ച്, ഭൂകമ്പമുണ്ടായ സ്ഥലത്തുനിന്നു ഏകദേശം 20 കിലോമീറ്ററിനുള്ളില്‍ മൂന്ന് ടൗണ്‍ഷിപ്പുകളിലും 27 ഗ്രാമങ്ങളിലുമായി ഏകദേശം 6,900 ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.