കര്‍ഷക സമരം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും; ജന്ദര്‍ മന്ദിറില്‍ വന്‍ പോലിസ് സന്നാഹം
ന്യൂഡല്‍ഹി: കഴിഞ്ഞ സപ്തംബറില്‍ പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധം ജന്ദര്‍ മന്തരില്‍ രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കും. സമരത്തെ നേരിടുന്നതിനുവേണ്ടി പ്രദേശത്ത് വലിയ പോലിസ് സന്നാഹം അണിനിരന്നിട്ടുണ്ട്. കിസാന്‍ പഞ്ചായത്ത് എന്ന് പേരിട്ടിട്ടുള്ള ധര്‍ണ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമം പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്.
ജന്ദര്‍ മന്ദിര്‍ പ്രദേശത്ത് ധ്രുതകര്‍മ സേനയുടെയും ഡല്‍ഹി പോലിസിന്റെയും ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. സിംഗുവിലും തിക്രിയിലും സമാനമായ പോലിസ് സന്നാഹമുണ്ട്. കര്‍ഷക സമരക്കാര്‍ക്കു ചുറ്റം മൂന്ന് പാളികളായാണ് പോലിസ് അണിനിരന്നിരിക്കുന്നത്.
സമരത്തിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറാതിരിക്കാനുള്ള സുരക്ഷയുടെ ഭാഗമാണ് പോലിസ് സന്നാഹമെന്ന് ഡിസിപി പര്‍വിന്ദര്‍ സിങ് പറഞ്ഞു.
പാര്‍ലമെന്റ് തുടങ്ങുന്നതിന്റെ ഭാഗമായി പ്രതിഷേധം നടത്താന്‍ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലിസ് കര്‍ഷക സമരക്കാര്‍ക്ക് അനുമതി നല്‍കിയത്. രാവിലെ 11 മുതല്‍ 5 വരെയാണ് അനുമതി. 200 പേര്‍ക്ക് പ്രതിദിനം പങ്കെടുക്കാം. പ്രതിഷേധക്കാര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ജൂലൈ 22 മുതല്‍ ആഗസ്റ്റ് 9വരെ സമരം തുടരാം.