ഒട്ടാവ: ജനിതമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധിച്ച രണ്ട് കേസുകള്‍ കാനഡയില്‍ സ്ഥിരീകരിച്ചു. ബ്രിട്ടനിലാണ് ഈ വൈറസിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്.
കാനഡയിലെ ദുര്‍ഹം പട്ടണത്തില്‍ ദമ്പതിമാരിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. രണ്ട് പേരും വിദേശയാത്ര നടത്തിയവരല്ല. രണ്ട് പേരെയും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒന്റാറിയോ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
ഒന്റാറിയോ അസോസിയേറ്റ് ചീഫ് മെഡിക്കല്‍ ഓഫിസറാണ് കണ്ടെത്തിയത് പുതിയ വൈറസാണെന്ന കാര്യം സ്ഥിരീകരിച്ചത്.
അതേസമയം യാത്രാചരിത്രമില്ലാത്ത രണ്ട് പേരില്‍ പുതിയ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ യാത്രികരിലാണ് ഈ വൈറസ് കണ്ടെത്തിയിട്ടുള്ളത്.
സാര്‍സ് കൊവ് 2 വൈറസ് കണ്ടെത്തിയ വിവരം യുകെ ആരോഗ്യ വിദഗ്ധരാണ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചത്.
പുതിയ വൈറസ് പഴയതിനെ അപേക്ഷിച്ച് അതീവ പ്രസരണശേഷിയുള്ളതാണ്. പഴയ വൈറസിനേക്കാള്‍ 70 ശതമാനം പ്രസരണശേഷിയാണ് ഉള്ളതെന്ന് കരുതുന്നു. എന്നാല്‍ സംഹാരശേഷിയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, നെതര്‍ലാന്റ്, സൗത്ത് ആഫ്രിക്ക, ആസ്‌ത്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.