മാളയില്‍ താഴ്ന്ന പ്രദേശങ്ങള്‍ രണ്ടാഴ്ചക്കിടയില്‍ മൂന്നാമതും വെളളക്കെട്ട് ഭീഷണിയില്‍
മാള: കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത മഴയില്‍ കുഴൂര്‍, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ രണ്ടാഴ്ചക്കിടയില്‍ മൂന്നാമതും വെളളക്കെട്ട് ഭീഷണിയിലായി. ഷോളയാര്‍, പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും തുറന്നുവിട്ട വെള്ളവും കൂടിയായപ്പോള്‍ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലേയും ഉച്ചയ്ക്കും ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. കൂടാതെ നാട്ടിലും ആതിരപ്പിള്ളിയടക്കമുള്ള വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴയുമുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. അനുബന്ധ തോടുകളിലും ജലനിരപ്പ് വര്‍ധിച്ചു. വെള്ളത്തിന്റെ ഗതിയും മാറി. പടിഞ്ഞാറോട്ടൊഴുകിയിരുന്ന വെള്ളം കിഴക്കോട്ടൊഴുകുകയാണ്. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, കൊച്ചുകടവ്, പള്ളിബസാര്‍, മേലാംതുരുത്ത് എന്നിവിടങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ്. പ്രദേശത്തെ ചില റോഡുകളും താമസിയാതെ വെള്ളത്തിനടിയിലാവും.
അന്നമനട, വെണ്ണൂര്‍പ്പാടം ഭാഗങ്ങളില്‍ പട്ടികജാതി കോളനിയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയാണ്. കൊച്ചുകടവില്‍ കല്ലേലിക്കുഴി കുഞ്ഞുമോന്റെ വീട് വെള്ളക്കെട്ടിലായിരിക്കയാണ്. വാഴ, കൊള്ളി, ജാതി, പച്ചക്കറി തുടങ്ങിയവ വളര്‍ത്തുന്ന കൃഷിയിടങ്ങളിലും വെള്ളം കയറിവരികയാണ്. വെള്ളക്കെട്ട് മൂലം വീണ്ടും കനത്ത നഷ്ടം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നതല്ലാതെ പലയിടങ്ങളിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൊച്ചുകടവില്‍ വലിയകത്ത് അബ്ദുള്‍ സലാം, ചെറുകാട്ടില്‍ ജബ്ബാര്‍, മുളങ്ങത്ത് അബ്ദുള്‍ റഹ്മാന്‍, വയലാര്‍ ഭാഗത്ത് കൊല്ലശ്ശേരി പ്രസന്ന ഹരിദാസ്, കളളിയാട്ടുതറ വേണു, വെണ്ണൂര്‍പ്പാടത്ത് പാറയില്‍ ഗിരീഷ്, കൊമ്പിലാന്‍പറമ്പില്‍ കണ്ണന്‍, അമ്പലപമ്പില്‍ ലക്ഷ്മണന്‍, വാഴയേലിപറമ്പില്‍ കുട്ടന്‍ തുടങ്ങിയവരുടെ വീടുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. കൂടാതെ കൊച്ചുകടവ് ഇരുമ്പിങ്ങത്തറ പട്ടികജാതി കോളനി, വട്ടത്തിരുത്തി, ചേലക്കത്തറ, തോപ്പുതറ, തുടങ്ങി നിരവധിയിടങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്.
അമ്പഴക്കാട് ചിറാല്‍ പാടശേഖരത്തിലെ തൂമ്പുങ്കുഴിചിറയില്‍ വെള്ളമുയരുന്നതോടെ കാടുകുറ്റി, മാള ഗ്രാമപഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളും വെള്ളക്കെട്ടിലാകുമെന്ന സാഹചര്യവുമുണ്ട്.