വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വിദേശത്ത് ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്തായി വീടുമായി അകന്നുകഴിയുകയായിരുന്നു
പയ്യന്നൂര്‍ : വധശ്രമക്കേസില്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതിയെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ കുട്ടികളുടെ കളിയൂഞ്ഞാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പി ആര് മനോജ് കുമാറി (52) നെയാണ് ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ച കളി ഊഞ്ഞാലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വിദേശത്ത് ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്തായി വീടുമായി അകന്നുകഴിയുകയായിരുന്നു. സുഹൃത്തായ ഉണ്ണികൃഷ്ണനോടൊപ്പം ഇന്നലെ ഗാന്ധിപാര്‍ക്കില്‍ ഉറങ്ങിയതായിരുന്നു. പുലര്‍ച്ചെ ബാത്ത്റൂമില്‍ പോയി തിരിച്ചുവന്നപ്പോള്‍ മനോജിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ കാരയില്‍ താമസിക്കുന്ന സഹോദരി ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ കുറച്ചു ദിവസം മുമ്പാണ് കാസറഗോഡ് സ്വദേശികളുടെ സഹായത്തോടെ ജാമ്യമെടുത്ത് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് .പരേതനായ ടി പി രാഘവ പൊതുവാളുടെയും വി പി ഭവാനിയുടെയും മകനാണ്. ഭാര്യ: പ്രീത (ദുബയ്). മകന്: വിശ്വജിത്ത് ( ബംഗളൂരു).സഹോദരങ്ങള്‍.: വിജയലക്ഷ്മി (കാരയില്‍), പരേതനായ പ്രദീപ് കുമാര്‍ . പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി