കര്‍ണാടകയിലെ മൗനേശ്വര ക്ഷേത്രത്തില്‍ കഞ്ചാവാണ് പ്രസാദം
സ്ത്രീകളോ, കുട്ടികളോ, ആര്‍ക്കായാലും ഇവിടെ പ്രസാദമായി ചെറിയ കഞ്ചാവു പൊതികള്‍ നല്‍കും.
മൈസുരു: കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലെ തിന്തിനിയിലെ മൗനേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നത് കഞ്ചാവ്.ആത്മീയതയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനും അതുവഴി പ്രബുദ്ധത കൈവരിക്കാനും കഞ്ചാവ് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഭക്തര്‍ക്ക് ഉല്‍സവത്തോടനുബന്ധിച്ച് പ്രസാദമായി ചെറിയ കഞ്ചാവു പൊതികള്‍ നല്‍കുന്നത്. സ്ത്രീകളോ, കുട്ടികളോ, ആര്‍ക്കായാലും ഇവിടെ പ്രസാദമായി ചെറിയ കഞ്ചാവു പൊതികള്‍ നല്‍കും. പ്രസാദം ലഭിച്ചവര്‍ പ്രാര്‍ഥിച്ച ശേഷമാണ് കഞ്ചാവ് വലിക്കുന്നത്. ' ഉല്‍സവത്തിനെത്തുന്ന ആര്‍ക്കും ഇവിടെ വന്ന് കഞ്ചാവ് വലിക്കാം. ചിലര്‍ തിളപ്പിച്ചതിനുശേഷം കഴിക്കുമ്പോള്‍ മറ്റുചിലര്‍ പുകയിലപ്പൊടി പോലെ ഉപയോഗിക്കുന്നു' - ക്ഷേത്ര സമിതി അംഗം ഗംഗാധര്‍ നായക് പറഞ്ഞു. ക്ഷേത്ര വളപ്പിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിന് അവിടെ തടസ്സങ്ങളൊന്നുമില്ല.
യാദ്ഗീര്‍ ജില്ലയിലെ സിദ്ധാവത ദാമ ശിവയോഗി ആശ്രമത്തില്‍ നിന്നുള്ള സിദ്ധരാമേശ്വര ശിവയോഗിയുടെ അഭിപ്രായത്തില്‍ ദിവസത്തില്‍ ഒരിക്കല്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ 'പവിത്രന്‍'' എന്നാണ് വിളിക്കേണ്ടത്. കഞ്ചാവ് ധ്യാനത്തെ സഹായിക്കുന്നു - അദ്ദേഹം പറഞ്ഞതായി ' ടൈംസ് ഓഫ് ഇന്ത്യ' റിപോര്‍ട്ട് ചെയ്തു.