മുനമ്പം പ്രശ്‌നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍
ഇതിന്റെ നിയമവശങ്ങള്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗം പരിശോധിക്കും
തിരുവനന്തപുരം: മുനമ്പം പ്രശ്‌നത്തിലെ കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍. പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും. ഇതിന്റെ നിയമവശങ്ങള്‍ ഇന്ന് ചേരുന്ന ഉന്നതതല യോഗം പരിശോധിക്കും. വൈകീട്ട് നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യൂ, നിയമ, വഖ്ഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. ഭൂമി തര്‍ക്കത്തില്‍ സമവായ നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു.
മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കള്‍ കൊച്ചിയിലെത്തി ലത്തീന്‍ സഭാ മെത്രാന്‍ സമിതിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ സമവായ നീക്കവുമായാണ് മുസ് ലിം ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം തര്‍ക്കത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ലീഗ് - ലത്തീന്‍ സഭ ചര്‍ച്ചയില്‍ സമവായ ധാരണയായിട്ടുണ്ട്. നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കും. ഭൂമി വഖ്ഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും. അന്തിമ തീരുമാനം മുഖ്യമന്ത്രി വിളിച്ച ഇന്നത്തെ ഉന്നതതല യോഗത്തിലുണ്ടാകും.