മുട്ടില്‍ മരംകൊള്ള കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വനംവകുപ്പ് അന്വേഷണച്ചുമതല ഇല്ലാത്ത സ്ഥാപനമായ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്ഥലംമാറ്റിയത്.
കോഴിക്കോട്: വയനാട് മുട്ടിലിലെ മരം കൊള്ളക്കേസ് പുറത്തെത്തിക്കാന്‍ ഇടപെട്ട ഉദ്യോഗസ്ഥനെ വനംവകുപ്പ് സ്ഥലംമാറ്റി. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ സമീറിനെയാണ് സ്ഥലം മാറ്റിയത്. വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്കാണ് സ്ഥലം മാറ്റം. മുട്ടിലില്‍ വനം കൊള്ള നടത്തി കൊണ്ടുപോകുകയായിരുന്ന ഈട്ടിത്തടികള്‍ എറണാകുളത്തു നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീര്‍. കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വനംവകുപ്പ് അന്വേഷണച്ചുമതല ഇല്ലാത്ത സ്ഥാപനമായ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്ഥലംമാറ്റിയത്.
മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്നും മന്ത്രി പറഞ്ഞു. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു.
മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ നേരത്തെ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ ഉത്തരവിട്ടിരുന്നു. ഇത് മന്ത്രി ശശീന്ദ്രന്‍ മരവിപ്പിച്ചിട്ടുണ്ട്. മരംകൊള്ളയില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് പറഞ്ഞാണ് മന്ത്രി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് മരവിപ്പിച്ചത്.