രണ്ടു പേര്‍ക്കു വേണ്ടി രണ്ടായിരം പേരുടെ അവസരം താമസിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

Update: 2020-05-08 12:16 GMT

തിരുവനന്തപുരം: കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാത്ത രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി പരീക്ഷ നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും രണ്ടായിരത്തോളം പേരുടെ നിയമനനടപടികള്‍ ആരംഭിക്കാത്തതിനെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

വുമണ്‍ സിവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിക(കാറ്റഗറി നമ്പര്‍ 653 /2017) പ്രസിദ്ധീകരിക്കാത്തതിനെതിരെയാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പി.എസ്.സി സെക്രട്ടറിയില്‍ നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ജൂണ്‍ 8നകം റിപോര്‍ട്ട് സമര്‍പ്പിക്കണം.

2018 ജൂലൈ 22 നാണ് പരീക്ഷ നടത്തിയത്. ഇവര്‍ക്കൊപ്പം പരീക്ഷ എഴുതിയ 3000 ത്തോളം പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ ഇതിനകം പോലീസ് കോണ്‍സ്റ്റബിള്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ വാങ്ങിയ ഒരു കോടതി വിധിയാണ് തടസ്സമെന്ന് പരാതിയില്‍ പറയുന്നു. രണ്ടു പേരുടെ കായികക്ഷമതാ പരീക്ഷ നടത്തിയാല്‍ മാത്രമേ 2000 ത്തോളം ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരിക്കല്‍ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാതിരുന്നാല്‍ മറ്റൊരു അവസരം നല്‍കുന്നതല്ലെന്നാണ് പിഎസ്‌സി വിജ്ഞാപനത്തില്‍ പറയുന്നതെന്ന് പരാതിയില്‍ പറയുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് പരാതി നല്‍കിയത്. 

Tags:    

Similar News