പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഉപരോധസമരം ചിത്രീകരിച്ച സുപ്രഭാതം ഫോട്ടോഗ്രാഫര്‍ക്ക് പോലിസ് മര്‍ദ്ദനം

Update: 2022-09-22 14:42 GMT

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ദേശീയപാതാ ഉപരോധം ചിത്രീകരിക്കുന്നതിനിടെ സുപ്രഭാതം ഫോട്ടോഗ്രാഫര്‍ക്കു നേരേ പോലിസ് ആക്രമണം. പോലിസിന്റെ ലാത്തിയടിയേറ്റ് സുപ്രഭാതം കണ്ണൂര്‍ യൂനിറ്റ് ഫോട്ടോഗ്രാഫര്‍ കെ.എം ശ്രീകാന്തിനു (39) പരുക്കേറ്റു. രാവിലെ പത്തരയോടെ കണ്ണൂര്‍ ചേംബര്‍ഹാളിനു സമീപമായിരുന്നു സംഭവം.

റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ പോലിസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് ശ്രീകാന്തിന്റെ തലയ്ക്കും ദേഹത്തും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. തലപൊട്ടി ചോരയൊലിച്ച ശ്രീകാന്തിനെ ഉടന്‍ ജില്ലാആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി.

കാമറയും കാമറാ ബാഗും ഉണ്ടായിരുന്നയാളെ മാധ്യമപ്രവര്‍ത്തകന്‍ എന്നറിഞ്ഞ് കൊണ്ട് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നു തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാകമ്മിറ്റിയും ശ്രീകാന്തും മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് ചീഫിനും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.

Tags:    

Similar News