വെറുതേ ഒരു ഫണ്ട്; പിഎം കെയര്‍ ഫണ്ട് ശേഖരിച്ചത് 10,990 കോടി, മാര്‍ച്ച് വരെ ചെലഴിച്ചത് 3,976 കോടി
ന്യൂഡല്‍ഹി; കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കില്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ചെലഴിച്ചത് ശേഖരിച്ചതിന്റെ 34 ശതമാനംമാത്രം. മാര്‍ച്ച് 27 2020 മുതല്‍ 2021 മാര്‍ച്ച് 31വരെ 10,990 കോടി രൂപ പിരിഞ്ഞുകിട്ടിയപ്പോള്‍ അതിന്റെ 64 ശതമാനവും ഉപയോഗിക്കാതെ കിടന്നു.
കൊവിഡ് 19നെതിരേ പോരാടാനാവശ്യമായ ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിഎം കെയര്‍ ഫണ്ട് രൂപീകരിച്ചത്.
അടിയന്തര ആവശ്യങ്ങള്‍ക്കും ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനും ഉപയോഗിക്കാമെന്നായിരുന്നു രൂപീകരിക്കുന്ന കാലത്ത് പറഞ്ഞിരുന്നത്. എന്നിട്ടും ആദ്യ വര്‍ഷം 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
2021 സാമ്പത്തിക വര്‍ഷത്തില്‍ 7679 കോടി രൂപ പിരിഞ്ഞുകിട്ടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 3,976 കോടി ചെലവഴിച്ചു. 495 കോടി വിദേശത്തുനിന്നാണ് ലഭിച്ചത്. പലിശ ഇനത്തില്‍ 235 കോടി വേറെയും ലഭിച്ചു.
കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ മാത്രം 1,392 കോടി ചെലവാക്കി. 6.6 കോടി ഡോസ് ഈ പണമുപയോഗിച്ച് വാങ്ങി.
50,000 മെയ്ഡ് ഇന്‍ ഇന്ത്യ വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 1,311 കോടി ചെലവാക്കി. എന്നാല്‍ അങ്ങനെ വാങ്ങിയ മിക്കവാറും വെന്റിലേറ്ററുകളും കേടായിരുന്നു.
ജമ്മു കശ്മീരിനുവേണ്ടി കഴിഞ്ഞ നവംബറില്‍ വാങ്ങിയ 100 വെന്റിലേറ്ററുകള്‍ കേടായി. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ വെറുതേ കിടക്കുന്നു.
2020 ലോക്ക് ഡൗണില്‍ വലിയ ദുരിതമനുഭവിക്കേണ്ടിവന്ന കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിന് 1,000 കോടി മാത്രമാണ് മാറ്റിവച്ചത്.
162 ഓക്‌സിജന്‍ ജനറേറ്ററുകള്‍ വാങ്ങാന്‍ 201.58 കോടി രൂപ ചെലവഴിച്ചു. രണ്ടാം തരംഗത്തില്‍ രാജ്യം വലിയ തോതില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിച്ചിരുന്നു.
സര്‍ക്കാര്‍ ലാബുകള്‍ അപ് ഗ്രേഡ് ചെയ്യാന്‍ 20.41 കോടി ഉപയോഗിച്ചു.
ബീഹാറിലെ പാട്‌നയിലും മുസാഫര്‍പൂരിലും 50 കോടി ചെലവാക്കി കൊവിഡ് ആശുപത്രികള്‍തുടങ്ങി.
ആര്‍ടി പിസിആര്‍ പരിശോധനക്ക് 16 ലാബുകള്‍ തുടങ്ങി.
പിഎം കെയര്‍ ഫണ്ടിന് രൂപം നല്‍കിയതുമുതല്‍ ഇതേകുറിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയില്ലെന്നായിരുന്നു പ്രധാന ആരോപണം.
ഈ ഫണ്ടിന്റെ കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പല വേദികളിലും ആവശ്യപ്പെട്ടു.
പിഎം കെയര്‍ ഫണ്ടുമായി ബന്ധപ്പെട്ട ആര്‍ടിഐ ചോദ്യങ്ങള്‍ പല തവണ നിരസിക്കപ്പെട്ടു.