തടയാന്‍ ശ്രമിച്ച പോലീസുകാരന്‍ കാറിടിച്ച് ബോണറ്റിനു മുകളില്‍: വാഹനം സഞ്ചരിച്ചത് അര കിലോമീറ്ററോളം
പോലിസുകാരന്‍ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ ഡ്രൈവര്‍ അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു.
ന്യൂഡല്‍ഹി: അമിത വേഗതയില്‍ വന്ന കാര്‍ തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിയേറ്റ് കാറിനു മുകളിലേക്കു വീണു. ബോണറ്റിലേക്ക് വീണ പോലിസുകാരനെയുമായി കാര്‍ സഞ്ചരിച്ചത് അരകിലോമീറ്ററോളം. ഡല്‍ഹിയിലെ ദവ്‌ല കുവാ മേഖലയിലെ തിരക്കേറിയ റോഡിലാണ് സംഭവം. കാര്‍ അമിത വേഗതയില്‍ പാഞ്ഞു വരുന്നത് കണ്ട് തടയാന്‍ ശ്രമിച്ചതാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥനായ മഹിപാല്‍ സിംഗ്.
പോലിസുകാരന്‍ കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ ഡ്രൈവര്‍ അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി കാര്‍ വീണ്ടും ഓടിച്ചു. ഇതിനിടെ ഇരു വശത്തുമായി വേറെയും വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് കാര്‍ വെട്ടിച്ചപ്പോള്‍ പോലിസുകാരന്‍ നിലത്തു വീണു. ഇതോടെ അതിവേഗതയില്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു. പോലിസുകാരന്‍ റോഡില്‍ വീണെങ്കിലും പിറകിലെത്തിയ വാഹനങ്ങള്‍ പെട്ടെന്ന് തന്നെ നിര്‍ത്തിയതു കൊണ്ട് വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം കണ്ടവര്‍ കാറിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് ഡ്രൈവറെ പിടികൂടി.