കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഭാവി എന്താവും ?

Update: 2022-04-21 16:38 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് രാജസ്ഥാനില്‍. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനുള്ളത്. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍ പി എന്‍ സിങ് എന്നിവര്‍ പാര്‍ട്ടി വിട്ട് ബിജെപി നേരത്തെ പാളയത്തിലേക്ക് പോയിരുന്നു. ആ കൂട്ടത്തിലെ അവസാന കണ്ണിയാണ് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നുവെങ്കിലും സച്ചിന്‍ പൈലറ്റിന്റെ പരാതി പരിഹരിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്റെ അനുയായികള്‍ക്ക് അര്‍ഹമായ സ്ഥാനം ഉറപ്പാക്കുമെന്നുമുള്ള നേതൃത്വത്തിന്റെ ഉറപ്പിന്‍മേല്‍ സച്ചിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടുത്ത തവണയെങ്കിലും തന്നെ പാര്‍ട്ടി കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സച്ചിന്‍.

സച്ചിന്‍ പൈലറ്റിന് കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍ അശോക് ഗെലോട്ടിന്റെ ശക്തമായ എതിര്‍പ്പുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്തിന് വ്യക്തമായറിയാം. അപ്പോള്‍ ഇരുവരെയും പിണക്കാതെയുള്ള സമവായത്തിനായിരിക്കും കോണ്‍ഗ്രസ് ശ്രമം. 2018ല്‍ കപ്പിനും ചുണ്ടിനുമിടയിലാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനും പാര്‍ട്ടിയിലെ യുവ മുഖമായിരുന്നിട്ടുപോലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ടിന് മുന്നില്‍ മുഖ്യമന്ത്രി സ്വപ്‌നം അദ്ദേഹത്തിന് ത്യജിക്കേണ്ടിവന്നു. അന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി പദവിയും നല്‍കി ഹൈക്കമാന്റ് പൈലറ്റിനെ ആശ്വസിപ്പിച്ചു. ആദ്യ രണ്ടര വര്‍ഷം ഗെലോട്ട് മുഖ്യമന്ത്രിയാവട്ടെ എന്നായിരുന്നു ഹൈക്കമാന്റിന്റെയും നിര്‍ദേശം.

എന്നാല്‍, 2020ല്‍ സച്ചില്‍ പൈലറ്റ് വീണ്ടും കലാപക്കൊടി ഉയര്‍ത്തി. 18 എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലെത്തുകയായിരുന്നു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടാന്‍ പോവുന്നു എന്ന വാര്‍ത്തകളും വന്നു. മുതിര്‍ന്ന ബിജെപി നേതാവ് വസുന്ദര രാജെ സിന്ധ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് വീണ്ടും ചര്‍ച്ചകള്‍ക്കിടയാക്കി. ജ്യോതിരാദിത്യ സിന്ധ്യ വഴി സച്ചിന്‍ പൈലറ്റും ബിജെപിയിലെത്തുമായിരുന്നു പ്രചാരണം. എന്നാല്‍, പ്രിയങ്കാ ഗാന്ധി നടത്തിയ ചര്‍ച്ചയില്‍ സമവായമാവുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രി പദവിയും സച്ചിന്‍ പൈലറ്റിനില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി തന്റെ മോഹം വിട്ടുകളയാന്‍ സച്ചിന്‍ പൈലറ്റ് കൂട്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ് സച്ചിന്‍ പൈലറ്റ്.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രശാന്ത് കിഷോര്‍ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ സജീവമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സച്ചിന്‍ പൈലറ്റിന്റെ ഡല്‍ഹി സന്ദര്‍ശനമുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഡല്‍ഹിയിലെത്തിയാണ് സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയത്. 2023ലെ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്ത് കോണ്‍ഗ്രസിന് എങ്ങനെ അധികാരം നിലനിര്‍ത്താമെന്നും ചര്‍ച്ച ചെയ്തതായി സച്ചിന്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. ഓരോ അഞ്ച് വര്‍ഷവും സര്‍ക്കാര്‍ മാറുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

തങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതുപോലെ ശരിയായകാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അടുത്ത രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കരുതുന്നു. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് സോണിയാ ഗാന്ധിയുടെ ആഗ്രഹം. സംഘടനാ തിരഞ്ഞെടുപ്പിനെക്കുറിച്ചും പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ചും സംസാരിച്ചുവെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു. നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായും അദ്ദേഹം രണ്ടുദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ ഇനി സച്ചിന്‍ പൈലറ്റിന്റെ സ്ഥാനമെന്തായിരിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശം സച്ചിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് വലിയ തോതില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ പൈലറ്റുമുണ്ടാവരുതെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അതേസമയം, സച്ചിന്‍ പൈലറ്റിന് കൂടുതല്‍ പരിഗണന ലഭിക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. ഇനി രാജസ്ഥാനില്‍ എന്താണ് എന്റെ റോള്‍ എന്ന ചോദ്യവുമായിട്ടാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാന്‍ സര്‍ക്കാരിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും സച്ചിന്‍ പൈലറ്റിന് എന്താണ് റോള്‍ എന്ന് ചോദിച്ചാല്‍ ഉത്തരം അവ്യക്തമാണ്. ഒരുപിടി എംഎല്‍എമാരുടെ പിന്തുണയുള്ള വ്യക്തിയാണ് സച്ചിന്‍ പൈലറ്റ്. അദ്ദേഹത്തെ പിണക്കി നിര്‍ത്തുന്നത് കോണ്‍ഗ്രസിന് ഗുണകരമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വേഗത്തില്‍ അനുനയ പാത ഹൈക്കമാന്റ് സ്വീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News