ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ തന്റെ അഭിപ്രായം അറിയിച്ചെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടര്‍ഭരണം നേടും. കൂട്ടായി അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഡല്‍ഹിയിലെ സോണിയയുടെ വസതിയിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച്ച നടത്തിയത്.
മത്സരിക്കാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം.
സമവായത്തിനായി മുതിര്‍ന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിന്‍ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാ ഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.