രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി; പാര്‍ട്ടിയെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റിന്റെ ഉപവാസം
ജയ്പൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഉപവാസ സമരം തുടങ്ങി. മുന്‍ ബിജെപി സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജയ്പൂരിലെ ശഹീദ് സ്മാരകത്തില്‍ സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസ സമരം നടത്തുന്നത്. ബിജെപിക്കെതിരായ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരമാണെന്ന് സച്ചിന്‍ അനുകൂലികള്‍ വിശദീകരിക്കുമ്പോഴും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹലോട്ടും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് സമരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപവാസ സമരത്തെ പാര്‍ട്ടിവിരുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് സച്ചിന്റെ ഉപവാസം.
2018ല്‍ നിയമസഭാ തിഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നതിനാലാണ് നിരാഹാരമെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി ഭരണകാലത്തെ അഴിമതികളില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അശോക് ഗെഹലോട്ട് സര്‍ക്കാര്‍ ആരോപണങ്ങളില്‍ ചെറുവിരല്‍ അനക്കിയില്ലെന്നാണ് സച്ചിന്റെ ആരോപണം. ഉപവാസ സമരം നടത്തിയാല്‍ സച്ചിനെതിരേ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന കോണ്‍ഗ്രസിലെ പടലപ്പിണക്കം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വീണ്ടും തലവേദനയാവുമെന്നുറപ്പാണ്.