ആറളത്ത് ആര്‍എസ്എസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനം; അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്
കണ്ണൂര്‍: ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലയിലെ ഉന്നത നേതാക്കളിലൊരാളായ സജീവന്‍ ആറളത്തിന്റെ വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ കുറിച്ച് പോലിസ് സമഗ്രാന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എ പി മഹ്മൂദ് ആവശ്യപ്പട്ടു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി ആരോപണമുയര്‍ന്നയാളാണ് സജീവന്‍ ആറളം. ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തെ പോലിസ് കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവല്‍ക്കരിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
ബോംബ് സ്‌ഫോടനം വെറും ഏറു പടക്കമാക്കി കേസ് ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രാഥമിക അന്വേഷണം പോലും നടത്താതെ ആര്‍എസ്എസ് നേതാവിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് നാട്ടുകാരില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാവിന്റെ ഗണ്‍മാന്റെ സാനിധ്യമാണോ ഇതിന് പിന്നിലെന്ന് അന്വേഷണ വിധേയമാക്കണം. ആര്‍എസ്എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളില്‍ പോലും ആയുധശേഖരവും ബോംബ് നിര്‍മാണവും തകൃതിയായി നടക്കുമ്പോഴും പോലിസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇവിടങ്ങളില്‍ റെയ്ഡ് നടത്താന്‍ പോലും പോലിസ് തയ്യാറാകുന്നില്ല. സംസ്ഥാനത്തുടനീളം കലാപത്തിന് സംഘപരിവാരം കോപ്പ് കൂട്ടുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആയുധ ശേഖരവും ബോംബ് നിര്‍മാണവും നടക്കുന്നത്-പോപുലര്‍ ഫ്രണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജനങ്ങളെ അണിനിരത്തി ആര്‍എസ്എസിന്റെ ഏതൊരു കലാപ നീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും ഉഗ്ര സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേതാവിനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.