കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത്

Update: 2022-01-14 02:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച മുഖ്യമന്ത്രി ചികില്‍സയ്ക്കുവേണ്ടി അമേരിക്കയിലേക്ക് പോകുന്നതിനാലാണ് ഇന്നുതന്നെ യോഗം വിളിക്കുന്നത്.

സ്‌കൂളുകള്‍ അടച്ചിടുന്ന നിര്‍ദേശം കഴിഞ്ഞ യോഗത്തില്‍ വന്നിരുന്നെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഏതെങ്കിലും നിയന്ത്രണം വേണ്ടതുണ്ടെന്ന ആലോചനയും ശക്തമാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. കോളജുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപ്പെട്ടത് സര്‍ക്കാരിന് വെല്ലുവിളിയായിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ കൊവിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് അടച്ചിരിക്കുകയാണ്. 

വാരാന്ത്യ ലോക്ക് ഡൗണാണ് പരിഗണനയിലുള്ള ഒന്ന്. ഓഫിസ് പ്രവര്‍ത്തനവും മത, സാമൂഹിക, രാഷ്ട്രീയ ചടങ്ങുകളും നിയന്ത്രിക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ത്തന്നെ വിവാഹങ്ങള്‍ക്ക് 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശമുണ്ട്.

ഓഫിസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ ലോക്കഡൗണ്‍ ആലോചനയിലില്ലെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നല്‍കിയത്. ചുരുക്കത്തില്‍ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ എടുക്കേണ്ടിവരും.

Tags:    

Similar News