പ്രിസൈഡിങ് ഓഫിസറെ എല്‍ഡിഎഫ് പോളിങ് ഏജന്റ് മര്‍ദ്ദിച്ചു
റേഷന്‍ കാര്‍ഡുമായി എത്തിയ ആളെ വോട്ടു ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം
പയ്യന്നൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ എല്‍ഡിഎഫ് പോളിങ് ഏജന്റും പ്രവര്‍ത്തകരും മര്‍ദ്ദിച്ചു. 105 എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായ പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശേരി പാറാല്‍ ഡി.ഐ.എ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്‌റഫ്.
റേഷന്‍ കാര്‍ഡുമായി എത്തിയ ആളെ വോട്ടു ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു. എന്നാല്‍ വോട്ടുചെയ്യാനെത്തിയവര്‍ വെല്ലുവിളി നടത്തുകയായിരുന്നെന്നും ഒരുകാരണവശാലും വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അല്‍പനേരം പോളിങ് നിര്‍ത്തിവച്ചു. ക്ഷീണം അനുഭവപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍ പയ്യന്നൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി. പകരം മറ്റൊരാളെ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ എല്‍.ഡി.എഫ് പോളിങ് ഏജന്റ് എം.പ്രകാശനെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേര്‍ക്കെതിരേയും കേസെടുത്തു.