തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ അക്രമം

പെരുമ്പ യുപി സ്‌കൂള്‍ ബൂത്തിന് പുറത്തുവച്ച് കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം സെക്രട്ടറി കെ ഷെഫീഖ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

Update: 2021-04-06 15:57 GMT
തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ അക്രമം
പയ്യന്നൂര്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ കണ്ണൂരില്‍ ചിലയിടങ്ങളില്‍ അക്രമമുണ്ടായി. തായിനേരി സ്‌കൂളിലെ ബൂത്ത് 86 എയിലെ യുഡിഎഫ് ഏജന്റ് കെ പി മുരളിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് അതിക്രമം. ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് വോട്ടര്‍ പട്ടിക വലിച്ചുകീറി നശിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷവും മുരളിയെ സിപിഎം പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി മര്‍ദ്ദിച്ചു.


സംഭവമറിഞ്ഞെത്തിയ യുഡിഎഫ് ചീഫ് എജന്റ് കെ ജയരാജിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി എം പ്രദീപ് കുമാറും സംഭവമറിഞ്ഞെത്തി. പിന്നീട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയാണ് മുരളിയെ ആശുപത്രിയില്‍ എത്തിച്ചത്.


പെരുമ്പ യുപി സ്‌കൂള്‍ ബൂത്തിന് പുറത്തുവച്ച് കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം സെക്രട്ടറി കെ ഷെഫീഖ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ബൂത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന ഷെഫീഖിനെ സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് മര്‍ദ്ദിച്ചത്. അന്നൂര്‍ യുപി സ്‌കൂള്‍ ബൂത്ത് 82ല്‍ യു ഡി എഫ് ബൂത്ത് ഏജന്റ് കെ ടി. ഹരീഷിനും മര്‍ദനമേറ്റു. മര്‍ദ്ദനമേറ്റവരെ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പാനൂര്‍ പുല്ലുക്കരയില്‍ 149 നമ്പര്‍ ബൂത്തിന് സമീപം വെച്ച് സിപിഎം പ്രവര്‍ത്തകരെ മുസ്‌ലിം ലീഗുകാര്‍ അക്രമിച്ചു. പരിക്കേറ്റ പുല്ലുക്കര ഓച്ചിറക്കല്‍ പീടികയില്‍ ഒതയോത്ത് സ്വരൂപ് (22) സി ദാമോദരന്‍ (52) എന്നിവരെ പാനൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News