സൗദിയുടെ സമ്പദ്‌വ്യവസ്ഥ 7 ശതമാനം ഇടിഞ്ഞു. തൊഴിലില്ലായ്മ റെക്കോര്‍ഡ് വര്‍ധനവില്‍
സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നു.
റിയാദ്: ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ 7 ശതമാനം ഇടിഞ്ഞു. കൊവിഡ് കാരണം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകളാണ് ക്രൂഡ് ഓയില്‍ വിപണിയെ ബാധിച്ചത്. ഒരു ബാരല്‍ അസംസ്‌കൃത പെട്രോളിയത്തിന്റെ വില ബാരലിന് 20 ഡോളറില്‍ താഴെ വരെ എത്തിയിരുന്നു.
സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, വരും മാസങ്ങളില്‍ കടുത്ത സാമ്പത്തിക ചെലവുചുരുക്കല്‍ നടപ്പാക്കുന്നതോടെ സാമ്പത്തിക സ്ഥിതി വീണ്ടും ദുര്‍ബലമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ വര്‍ഷം സൗദി സമ്പദ്‌വ്യവസ്ഥ 6.8 ശതമാനം ചുരുങ്ങുമെന്നും 2021 ല്‍ 3.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫ് പുറത്തുവിട്ട റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.