തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു, രണ്ട് മരണം

Update: 2020-09-26 14:57 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,050 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതില്‍ 871 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 152 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തു നിന്നുമെത്തി.

രണ്ടു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. അരുവിക്കര സ്വദേശി കെ. മോഹനന്‍(60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍(45) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 459 പേര്‍ സ്ത്രീകളും 591 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 123 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. പുതുതായി 4,344 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,339 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,360 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 9,519 പേരാണ് കൊവിഡ് ചികില്‍സയില്‍ കഴിയുന്നത്. 373 പേര്‍ ഇന്ന് രോഗമുക്തി നേടി.

കൊവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 155 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 52 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,306 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tags:    

Similar News