കൊയ്ത്തിനു മുമ്പ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരി പാടശേഖരം വെള്ളത്തില്‍ മുങ്ങി
മാള: കൊയ്‌തെക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരി പാടശേഖരം വെള്ളത്തില്‍ മുങ്ങി. പാടശേഖരത്തില്‍ കതിരോടെ വീണ ചെടികളിലെ നെല്ല് ഇപ്പോള്‍ മുളച്ചിരിക്കുകയാണ്.
കൊടിയന്‍ സഹോദരങ്ങളായ പോള്‍സണ്‍, ബിജു, ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ 20 ഏക്കര്‍ കൃഷിയിലെ അഞ്ചേക്കര്‍ പൂര്‍ണ്ണമായും നശിച്ചു. ശേഷിക്കുന്നതില്‍നിന്ന് ഭാഗികമായി കൊയ്‌തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 200 ക്വിന്റല്‍ നെല്ലാണ് പാടത്ത് കിടന്ന് മുളച്ചത്.
പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ വായ്പയെടുത്താണ് ഈ കര്‍ഷകര്‍ കൃഷിയിറക്കിയത്. മറ്റു കര്‍ഷകരുടെയും നെല്ല് വെള്ളത്തില്‍ കിടന്ന് മുളച്ചിട്ടുണ്ട്. കൊയ്‌തെടുത്ത ഭാഗത്തെ വൈക്കോലും നശിച്ച അവസ്ഥയാണ്.
നാല് ദിവസത്തിലധികമാണ് ഈ പാടശേഖരത്തില്‍ വിളവെടുക്കാറായ നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നത്. കൃഷി നാശത്തിന് അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി കൃഷി വകുപ്പില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.