കേന്ദ്ര ബജറ്റ് ഇന്ന് പതിനൊന്നു മണിക്ക്

Update: 2022-02-01 01:11 GMT

ന്യൂഡല്‍ഹി; 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് 11മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക.

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരുന്നു.

ബജറ്റ് സമ്മേളനം ഏപ്രില്‍ 8വരെ നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും- ലോക്‌സഭ സെക്രട്ടറിയേറ്റ് അറിയിച്ചു.

ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് 13വരെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കും. ഈ സമയത്ത് വിവിധ സ്റ്റാന്റിങ് കമ്മിറ്റികള്‍ വിവിധ വകുപ്പുകളുടെ ഗ്രാന്‍ഡുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിച്ച് ചര്‍ച്ച നടത്തും.

ബജറ്റ് സമ്മേളനത്തില്‍ 29 സിറ്റിങ്ങുകള്‍ ഉണ്ടാവും. അതില്‍ ആദ്യ ഘട്ടത്തില്‍ 10ഉം ബാക്കി രണ്ടാം ഘട്ടത്തിലുമായിരിക്കും. അതായത് 19സിറ്റിങ്.

ഫെബ്രുവരി 2-11 ദിവസങ്ങളില്‍ നാല് മണി മുതല്‍ 9വരെ സഭ സമ്മേളിക്കും. അതായത് അഞ്ച് മണിക്കൂറുകള്‍.

ശൂന്യവേളകളോ ചോദ്യോത്തരസമയമോ ആദ്യ രണ്ട് ദിവസം ഇരുസഭകളിലും ഉണ്ടാവില്ല. 

കൊവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമെന്ന് വിലയിരുത്തുന്നു. ആദായ നികുതി സ്ലാബുകളിലും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. 

Tags:    

Similar News