കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Update: 2023-02-01 17:09 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. മൂന്ന് ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകളില്‍ ഉള്ളത് ഒരാവര്‍ത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല.

സുപ്രധാനമായ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിനു പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News