1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി സര്‍വേ നിരാശജനകമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചൊവ്വാഴ്ച യോഗം ചേരുകയും വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍പ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് നിര്‍മിച്ച 1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായെന്നും നിയമം ബിജെപിയടക്കമുള്ള കക്ഷികള്‍ ഐക്യകണേ്ഠന പാര്‍ലമെന്റില്‍ പാസ്സാക്കിയതാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ഖാസിം റസൂല്‍ ഇല്യാസ്. ഈ നിയമം ലംഘിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ കീഴക്കോടതി അനുമതി നല്‍കിയത് നിരാശജനകമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്.കോമിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വാരണാസി ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചൊവ്വാഴ്ച യോഗം ചേരുകയും വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.അതേസമയം, ഗ്യാന്‍വാപി മസ്ജിദ് ഇന്‍തിസാമിയ കമ്മിറ്റിക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ നല്‍കുമെന്നും യോഗം അറിയിച്ചിരിക്കുകയാണ്.
കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലുള്ള മസ്ജിദെ അഅ്‌ല ഒരു ഹനുമാന്‍ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഒരു ഹിന്ദു സംഘടന ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നുവെന്നും അവര്‍ അവിടെ ആരാധന നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസി റസൂല്‍ പറഞ്ഞു. മധ്യപ്രദേശിലെ നീം മസ്ജിദ്, മഥുരയിലെ ഈദ്ഗാഹ്, ന്യൂഡല്‍ഹി ജമാ മസ്ജിദ് എന്നിവിടങ്ങളിലൊക്കെ ഇത്തരം വിവാദമുണ്ടെന്നും ചിലര്‍ സര്‍വേ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാന്‍വാപി വിവാദത്തിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ 30,000 മസ്ജിദുകള്‍ ക്ഷേത്രം തകര്‍ത്തു നിര്‍മിച്ചതാണെന്നാണ് ബി.ജെ.പിസംഘ്പരിവാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെന്നും ഖാസിം റസൂല്‍ പറഞ്ഞു. അതിനാല്‍ ഇത്തരം വിവാദങ്ങള്‍ക്ക് അന്ത്യമുണ്ടാകില്ലെന്നും ഇവ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിവാദങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെയും ആര്‍എസ്എസ്സിന്റെ ദീര്‍ഘകാല ഹിന്ദു രാഷ്ട്ര അജണ്ടയുടെയും സംയോജിത രൂപമാണെന്നും അദ്ദേഹം വ്യക്തമാക്കി.