വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും
ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും.
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്തു. വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനുവേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്റെ (ജിവിഎന്‍) സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. വില്യം ഹാളാണ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സീനിയര്‍ അഡൈ്വസര്‍.
രണ്ടു ഘട്ടമായാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനമാണ് ജൂണില്‍ ആരംഭിക്കുന്നത്. ഇതിനുവേണ്ടി 25,000 ചതുരശ്ര അടിയുള്ള പ്രീഫാബ്രിക്കേഷന്‍ കെട്ടിടം സജ്ജമായി്.
യോഗത്തില്‍ ആരോഗ്യ മന്ത്രി കെ കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ കെ സിങ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, ഡോ. എം വി പിള്ള, വ്യവസായ ഡയറക്ടര്‍ കെ ബിജു, ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ പി സുധീര്‍, മെമ്പര്‍ സെക്രട്ടറി ഡോ. എസ് പ്രദീപ്കുമാര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ പങ്കെടുത്തു.