ഫാഷിസ്റ്റ് മനോഭാവമുള്ളവരുടെ വാക്കുകള്‍ ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണം: ഡോ. എം കെ മുനീര്‍

Update: 2021-10-08 13:15 GMT

കോഴിക്കോട്: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാഷിസ്റ്റ് മനോഭാവമുള്ള ഇത്തരം ആളുകളുടെ വാക്കുകള്‍ മലയാളി ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണമെന്നും ഡോ. എം കെ മുനീര്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുനീര്‍ പ്രതികരണം അറിയിച്ചത്.

''ഇത് കേട്ടപ്പോള്‍ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നില്‍ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാന്‍ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാന്‍ ഓര്‍ക്കുകയാണ്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ കറുത്ത പുള്ളികള്‍ അധ്യാപക സമൂഹത്തിന് അപമാനമായി മാറുകയാണ്. ഇത്തരത്തിലുള്ള ആളുകള്‍ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല''


''നമ്മുടെ കേരളത്തിലെ കുട്ടികള്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ഉയര്‍ന്ന നിലയിലേക്ക് എത്തുമ്പോള്‍ ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ആദ്യ നൂറിനകത്തു പോലും നമ്മുടെ കുട്ടികള്‍ കടന്നുവരുന്ന സാഹചര്യമാണിത്. അസൂയാവഹമായ മലയാളികളുടെ ഈ മുന്നേറ്റമാണ് ഫാഷിസ്റ്റ് മനോഭാവമുള്ള ഇവരെ പോലുള്ളവര്‍ക്ക് അംഗീകരിക്കാനാവാത്തത്.'' മുനീര്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News