പുഴയിലെ കയത്തില്‍ മുങ്ങിയ യുവതിക്കും പെണ്‍കുട്ടിക്കും രക്ഷകരായി പോലിസുകാര്‍
കുന്ദമംഗലം മര്‍ക്കസിനടുത്ത് പൂനൂര്‍ പുഴയില്‍ അപകടത്തില്‍ പെട്ട യുവതിക്കും പെണ്‍കുട്ടിക്കുമാണ് കോഴിക്കോട് കണ്‍ട്രോള്‍ റൂം എസ്‌ഐ സുബോധ് ലാല്‍, സിപിഒ പ്രശാന്ത് എന്നിവര്‍ രക്ഷകരായത്.
കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങവേ കാല്‍ വഴുതി വീണ് കയത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയേയും രക്ഷിക്കാനിറങ്ങി അപകടത്തില്‍പെട്ട യുവതിയേയും സാഹസികമായി രക്ഷപ്പെടുത്തി പോലിസുകാര്‍. കുന്ദമംഗലം മര്‍ക്കസിനടുത്ത് പൂനൂര്‍ പുഴയില്‍ അപകടത്തില്‍ പെട്ട യുവതിക്കും പെണ്‍കുട്ടിക്കുമാണ് കോഴിക്കോട് കണ്‍ട്രോള്‍ റൂം എസ്‌ഐ സുബോധ് ലാല്‍, സിപിഒ പ്രശാന്ത് എന്നിവര്‍ രക്ഷകരായത്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. മര്‍ക്കസിന് സമീപം പുഴയോരത്ത് ചിലര്‍ പതിവായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് പോലിസുദ്യോഗസ്ഥര്‍ എത്തിയത്.
ആളുകളുടെ കരച്ചില്‍ കേട്ട് പുഴയോരത്തെത്തിയപ്പോള്‍ യുവതി പുഴയില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. കുഞ്ചു എന്ന യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ് വെള്ളത്തില്‍ വീണ 13 വയസുകാരി നജാ ഫാത്തിമയെ രക്ഷപ്പെടുത്താനാണ് ഇവര്‍ പുഴയില്‍ ചാടിയതെന്ന് മനസിലായത്. നീന്തല്‍ വശമില്ലാതിരുന്ന ഇവരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. വിവരം മനസിലാക്കിയ എസ്‌ഐ സുബോധ് ലാലും പ്രശാന്തും വീണ്ടും വെള്ളത്തിലേക്ക് ചാടി നജ്മയെയും രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പോലിസ് ഡ്രൈവര്‍ സജീഷിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. സന്ദര്‍ഭോജിതമായ ഇടപെടലിലൂടെ സാഹസികമായി രണ്ടു ജീവനുകള്‍ രക്ഷപ്പെടുത്തിയ എസ്‌ഐ സുബോധ് ലാലിനെയും സിപിഒ പ്രശാന്തിനെയും പോലിസുകാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.