50 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

Update: 2022-09-16 03:43 GMT

കായംകുളം: 50 പവനും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ കണ്ണുര്‍ സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ഇരിക്കൂര്‍ പട്ടുവദേശത്ത് ദാറുല്‍ ഫലാഖ് വീട്ടില്‍ ഇസ്മായില്‍ (30) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലാം തീയതി കായംകുളം പെരിങ്ങാല ചക്കാല കിഴക്കതില്‍ ഹരിദാസിന്റെ വീട് കുത്തിതുറന്ന് 50 പവന്‍ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

വൈകുന്നേരം വീട്ടുകാര്‍ വീട് പൂട്ടി പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണ കേസില്‍ റിമാന്റില്‍ കഴിഞ്ഞു വന്നിരുന്ന ഇസ്മായില്‍ രണ്ടാം തീയതി പുറത്തിറങ്ങിയ ശേഷം മൂന്നാം തീയതി പത്തനംതിട്ടയിലുള്ള പെണ്‍ സുഹൃത്തിനെ കാണാനെത്തുകയും ശേഷം പത്തനാപുരത്ത് നിന്ന് ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ച് സ്‌കൂട്ടറില്‍ കായംകുളത്ത് കറങ്ങി നടന്ന് ആളില്ലാതിരുന്ന വീട് നോക്കി മോഷണം നടത്തുകയായിരുന്നു. മോഷണം നടത്തിയ ശേഷം അടൂര്‍ ഭാഗത്തേക്ക് പോയ ഇയാള്‍ സ്‌കൂട്ടര്‍ അടൂരില്‍ ഉപേക്ഷിച്ച് ബസില്‍ കോഴിക്കോട് എത്തി ലോഡ്ജ് എടുത്ത് താമസിക്കുകയായിരുന്നു. കണ്ണൂര്‍ ഠൗണിലുള്ള ഒരു ജ്യൂവലറിയില്‍ മോഷ്ടിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ എത്തിയപ്പോഴാണ്

കണ്ണൂര്‍ ഠൗണ്‍ പോലിസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്. കണ്ണൂരിലുള്ള ഒരു സ്ഥാപനത്തില്‍ പണയം വെച്ചതും, ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ സൂക്ഷിച്ചിരുന്നതു മുള്‍പ്പെടെ മുഴുവന്‍ സ്വര്‍ണ്ണവും പണവും പോലീസ് കണ്ടെടുത്തു. . എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇസ്മായില്‍ ആദ്യമായാണ് ആലപ്പുഴ ജില്ലയില്‍ മോഷണ കേസില്‍ പിടിയിലാകുന്നത്. കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ.മാരായ എം.ശ്രീകുമാര്‍ , വി. ഉദയകുമാര്‍ , എ എസ്.ഐ. ഉദയകുമാര്‍, പോലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രന്‍, ഗിരീഷ്, മോനിക്കുട്ടന്‍, ഇയാസ്, ഷാജഹാന്‍, അനീഷ്, ശരത്, നിഷാദ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News