ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത് ന്യൂട്ടണല്ല, മറിച്ച് വേദഗ്രന്ഥങ്ങള്‍: രാജസ്ഥാന്‍ ഗവര്‍ണര്‍

ജയ്പൂര്‍: ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം അവതരിപ്പിക്കുന്നതിന് വളരെ മുമ്പുതന്നെ വേദഗ്രന്ഥങ്ങളില്‍ അത് പരാമര്‍ശിക്കപ്പെട്ടിരുന്നുവെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു ബാഗ്ഡെ.ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജയ്പൂര്‍ റീജിയണല്‍ സെന്ററില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാഗ്ഡെ.
'ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വളരെ വൈകിയാണ് സംസാരിച്ചത്. ഇന്ത്യയില്‍ വളരെ നേരത്തെ തന്നെ വേദഗ്രന്ഥങ്ങളില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിരുന്നു,' ബാഗ്ഡെ പറഞ്ഞു. പുരാതന കാലം മുതല്‍ തന്നെ ഇന്ത്യ അറിവിന്റെയും ശാസ്ത്രത്തിന്റെയും കേന്ദ്രമായിരുന്നുവെന്നും നളന്ദ യൂണിവേഴ്സിറ്റി പോലുള്ള പ്രശസ്ത സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുതകുന്നതാണെന്നും ബാഗ്ഡെ പറഞ്ഞു.
1190-കളില്‍ നളന്ദ ലൈബ്രറി കത്തിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ പുരാതന അറിവ് ഇല്ലാതാക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിവത്കരിച്ചപ്പോള്‍, അവരും പുരാതന അറിവിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും ബാഗ്ഡെ പറഞ്ഞു.
പഠനത്തിന് കുറുക്കുവഴികള്‍ ഇല്ലെന്നും വിദ്യാര്‍ഥികള്‍, അവരുടെ ബുദ്ധി വര്‍ദ്ധിപ്പിക്കാനുതകുന്നതും ജീവിതത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ വായിക്കണമെന്നും ബാഗ്ഡെ കൂട്ടിചേര്‍ത്തു.