വാട്‌സാപ് ചാറ്റില്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ആലോചനയില്ല; പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രമെന്നും കോടതി

ശബരിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു

Update: 2022-07-20 07:54 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചന് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെഎസ് ശബരിനാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതിയുടെ നിര്‍ണായക നിരീക്ഷണം. വധശ്രമ ഗൂഢാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിയ്ക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പ്രതികളുടെ ഫോണ്‍ പോലിസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റില്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനമാണ് ചാറ്റിലുള്ളത്. ഈ ഫോണ്‍ പരിശോധനയിലും ഗൂഢാലോചന തെളിയിക്കുന പ്രത്യേകിച്ചൊന്നും പോലിസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മൊബൈല്‍ ഹാജരാക്കാന്‍ പ്രതി തയ്യാറാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടിലും ഗൂഡാലോചന വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു 

'സി എം കണ്ണൂര്‍ ടിവി എം ഫ്‌ലൈറ്റില്‍ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്‌ലൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍...എന്തായാലും ഫ്‌ലൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ' എന്ന് കെ എസ് ശബരിനാഥന്‍ യൂത്ത്‌കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പിലിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടായി പുറത്തു വന്നതോടെയാണ് ശബരിക്കെതിരെ പോലിസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന പോലിസ് ആവശ്യം തള്ളി കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് മുതല്‍ 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണണെന്ന നിര്‍ദേശവും നല്‍കി. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ശബരി ഹാജരായി.

അതേസമയം, വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്റേത്' എന്നായിരുന്നു ഇന്ന് കെഎസ് ശബരിനാഥന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ താന്‍ തന്നെയാണ് വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചതെന്നും ശബരിനാഥന്‍ പറഞ്ഞു. 

ചാറ്റ് പുറത്ത് പോയത് ഗുരുതര സംഘടനാ പ്രശ്‌നം 

യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ചാറ്റ് പുറത്ത് പോയത് ഗുരുതര സംഘടനാ പ്രശ്‌നമെന്ന് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍. ഇതിനെ ഗൗരവമായാണ് യൂത്ത് കോണ്‍ഗ്രസും കെപിസിസിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടനാ നിലപാടിനൊപ്പം നില്‍ക്കുമെന്നും ശബരിനാഥന്‍ പറഞ്ഞു.

Tags:    

Similar News