'മുസ്‌ലിം രോഗികളെ പരിചരിക്കുന്നത് നിര്‍ത്തൂ'; സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ചാറ്റിങ് പുറത്ത്
സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഏതെങ്കിലും മതവിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഉദ്ദേശിച്ചിലിലെന്നും ആശുപത്രിയിലെ ഡോ. സുനില്‍ ചൗധരി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ജയ് പൂര്‍: കൊവിഡ് രോഗികളായ മുസ് ലിംകളെ ചികില്‍സിക്കുന്നതിനു പകരം ജയിലിലടയ്ക്കണമെന്ന കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്‌നിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മുസ് ലിം വിരുദ്ധ പരാമര്‍ശവുമായുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ചാറ്റിങ് പുറത്ത്. രാജസ്ഥാനിലെ സര്‍ദര്‍ഷഹറിലെ ശ്രീചന്ദ് ബരാദിയ റോഗ് നിദാന്‍ കേന്ദ്ര ആശുപത്രിയിലെ ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങാണ് പുറത്തായതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഏതെങ്കിലും മതവിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ഉദ്ദേശിച്ചിലിലെന്നും ആശുപത്രിയിലെ ഡോ. സുനില്‍ ചൗധരി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
'നാളെ മുതല്‍ ഞാന്‍ മുസ് ലിം രോഗികളുടെ എക്‌സ്‌റേ ചെയ്യില്ല. ഇത് എന്റെ വാഗ്ദാനമാണ്' എന്നാണ് ബര്‍ദിയ റെയ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു ജീവനക്കാരന്റെ ചാറ്റ്. ഇതേ വ്യക്തിയുടെ മറ്റൊരു സന്ദേശം ഇങ്ങനെയാണ്: 'മുസ്‌ലിം രോഗികളുടെ അടുത്തേക്ക് പോവുന്നത് നിര്‍ത്തണം'. 'ഹിന്ദുക്കള്‍ പോസിറ്റീവ് ആയിരുന്നെങ്കില്‍ ഒരു മുസ് ലിം ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ ഒരിക്കലും പങ്കെടുക്കില്ല. ഞാന്‍ മുസ് ലിം ഒപിഡിയില്‍ പങ്കെടുക്കില്ല. മാഡം ഇവിടെയില്ലെന്ന് അവരോട് പറയും' എന്നാണ് മറ്റൊരു സന്ദേശം. 'സര്‍ദാര്‍ഷഹറില്‍ മുസ്‌ലിംകളെ മാത്രമേ പോസിറ്റീവായി കണ്ടെത്തിയിട്ടുള്ളൂവെന്നും അതിനാല്‍ മുസ്‌ലിം രോഗികളുടെ അടുേേത്തക്ക് പോവാതെ അവരെ ഒരു മുസ് ലിമായ മറ്റൊരു ഡോക്ടറിലേക്ക് അയയ്ക്കുന്നതാണ് നല്ലതെന്ന്' മറ്റൊരാള്‍ പറയുന്നുണ്ടെന്നും സര്‍ദര്‍ഷാര്‍ പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേശ് പന്നു 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് സര്‍ദര്‍ഷഹറിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തമ്മില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിങ് പുറത്തായത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതി പോലിസ് കണ്‍ട്രോള്‍ റൂമിന് പരാതി ലഭിച്ചു. 'ഇത് ഒരു പ്രത്യേക മതത്തിനെതിരേയുള്ള വിവേചനമാണെന്നും ചാറ്റിങ് നടന്നത് കൊവിഡ് ലോക്ക്ഡൗണ്‍ സമയത്താണെന്ന് തോന്നുന്നതായും എസ്‌ഐ പറഞ്ഞു. സന്ദേശങ്ങള്‍ സാമുദായിക സ്വഭാവമുള്ളതും വിവേചനപരവുമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലിസ് വ്യക്തമാക്കി. സ്‌ക്രീന്‍ഷോട്ടുകളുടെ ആധികാരികതയും അവ പ്രചരിപ്പിച്ചവരെയും കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുസ് ലിം പരിഷത്ത് സന്‍സ്ഥാന്‍ ജില്ലാ പ്രസിഡന്റ് മക്ബൂല്‍ ഖാന്‍ പറഞ്ഞു.
സ്‌ക്രീന്‍ഷോട്ടുകള്‍ ഏപ്രില്‍ മധ്യത്തിലുള്ളതാണെന്ന് ഡോ. ചൗധരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഏപ്രില്‍ പകുതി മുതല്‍ തബ് ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കൊവിഡ് കേസുകള്‍ വന്ന സമയത്താണ് ചാറ്റിങ് നടന്നത്. ഞങ്ങളുടെ പ്രദേശത്ത് നിരവധി കേസുകള്‍ ഉണ്ടായിരുന്നു. ആരെങ്കിലും ഇത് എഴുതിയിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഞങ്ങള്‍ സ്ഥിരമായി അറ്റന്റ് ചെയ്യുന്ന മുസ്‌ലിം രോഗികളുടെ എണ്ണം നിങ്ങള്‍ നോക്കുകയാണെങ്കില്‍, ചാറ്റില്‍ പറഞ്ഞ കാര്യങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്കു മനസ്സിലാവും. വ്യാപകമായ ഭീതിയുണ്ടായ ആ സമയത്ത് പോലും, എല്ലാവര്‍ക്കുമായി 24 മണിക്കൂര്‍ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരിക്കലും ആരോടും വിവേചനം കാണിച്ചിട്ടില്ല. പരാതി നല്‍കിയ സമുദായ അംഗങ്ങളുമായും ഞാന്‍ സംസാരിച്ചു. പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുത്. അകാരണമായി ഡോക്ടര്‍മാരെ ശിക്ഷിക്കരുതെന്നും ചൗധരി പറഞ്ഞു. 'എന്നിരുന്നാലും, ആളുകള്‍ക്ക് മോശമായാണ് തോന്നിയത്. ഇതിന്റെ പേരില്‍ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും വേണ്ടി ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു'-ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഈയിടെ കാണ്‍പൂര്‍ ജിഎസ്‌വിഎം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ദേവ് ലാല്‍ചാന്ദ്‌നിയുടെ വിവാദ വീഡിയോ വൈറലായിരുന്നു. തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ തീവ്രവാദികളാണെന്നും അവര്‍ക്കു വിഐപി ചികില്‍സ നല്‍കുന്നതിനു പകരം ഏകാന്ത തടവിലിടുകയോ കാട്ടിലെറിയുകയോ ചെയ്യണമെന്നും അവര്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവം വന്‍ വിവാദമായതോടെ ഡോ. ആരതി ലാല്‍ ചാന്ദ്‌നിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു.