ജോസ് കെ മാണിയെകൊണ്ട് ഗുണപ്പെട്ടില്ല: കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവില്‍ മുന്നണിക്ക് വോട്ട് വര്‍ധനവുണ്ടായില്ലെന്ന് കാനം രാജേന്ദ്രന്‍

ജിഎസ് ജയലാല്‍ മല്‍സരിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഎമ്മിനെ ലക്ഷ്യമിട്ട്് സിപിഐ കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മല്‍സരിച്ച പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു.

Update: 2021-09-12 07:00 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവില്‍ മുന്നണിക്ക് വോട്ട് വര്‍ധന ഉണ്ടായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ മൂന്ന് ദിവസം നീണ്ട നിയമസഭ തിരഞ്ഞെടുപ്പ് അവലോകയോഗം ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.

കേരളാകോണ്‍ഗ്രസിന്റെ വരവ് യുഡിഎഫിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്, എന്നാല്‍ ഇടതുമുന്നണിക്ക് വോട്ട് വര്‍ധനയുണ്ടായിട്ടില്ല. മുന്നണിക്ക് വോട്ട് വര്‍ധിച്ചത് ഇടതു സര്‍ക്കാരിന്റെ മെച്ചപ്പെട്ട ഭരണം കൊണ്ടാണ്. മികച്ച പൊതുജനാരോഗ്യം സംവിധാനം, മഹാമാരിയെ പ്രതിരോധിച്ചത്, സാമൂഹ്യസുരക്ഷ പദ്ധതികള്‍ എന്നിവയിലൂടെയാണ് മുന്നണിക്ക് വോട്ട് വര്‍ധിച്ചതെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, ജോസ് കെ മാണിയുടെ വരവോട് എല്‍ഡിഎഫിന് വോട്ട് വര്‍ധനയുണ്ടായെന്നാണ് നേരത്തെ സിപിഎം വിലയിരുത്തിയത്.

പാലായില്‍ ജോസ് കെ മാണിയുടെ പരാജയവും കടുത്തുരുത്തിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയവും വ്യക്തിപരമായിരുന്നുവെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ടിലുള്ളത്.ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ചയും ചിലയിടങ്ങളില്‍ സഹകരിച്ചില്ലെന്നും സിപിഎമ്മിനെ സിപിഐ കുറ്റപ്പെടുത്തി. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു. കൊല്ലം എംഎല്‍എ മുകേഷിനെതിരേയും കടുത്ത വിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളത്. മുകേഷ് സിനിമതാരമെന്ന ഗ്ലാമര്‍ മാറ്റിവെച്ച് ജനകീയ എംഎല്‍എ ആയില്ല. ഐഎന്‍എല്‍ മത്സരിച്ച കാസര്‍കോട് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് താല്‍പര്യമില്ലായിരുന്നു. ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യടനം പോലും സിപിഎം ഒറ്റക്കാണ് നടത്തിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നു. സിപിഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നത് വോട്ടുമറിക്കലിന്റെ സംശയമാണ് പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ജയിച്ച പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു. ജിഎസ് ജയലാല്‍ ജയിച്ച കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണിയുടെ വോട്ട് ബിജെപിയിലേക്ക് പോയെന്ന് സിപിഎമ്മിനെ ലക്ഷ്യമിട്ട്് സിപിഐ കുറ്റപ്പെടുത്തുന്നു. ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനവും ഉണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. കെയു ജെനീഷ് കുമാര്‍ രണ്ടാമത് ജയിച്ച കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനൊ നടപ്പിലാക്കാനോ സിപിഎം തയ്യാറായിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News