'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല; തെറ്റിദ്ധാരണ പരത്താന്‍ നീക്കമെന്നും മന്ത്രി വി ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള 'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല

Update: 2022-08-27 12:31 GMT

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ആസൂത്രിത നീക്കമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരിപ്പിക്കുന്ന രേഖ പൊതുവിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത രേഖയാണ് എന്നതാണ് യാഥാര്‍ഥ്യം. തിരുവനന്തപുരത്ത് കെഎസ്ടിഎ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള 'ആരോഗ്യകരമായ ബന്ധങ്ങള്‍' എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പൊസിഷന്‍ പേപ്പറുകള്‍ രൂപീകരിക്കാന്‍ 26 ഫോക്കസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി.

26 വിഷയ മേഖലകളെ സംബന്ധിച്ച് വിശദമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചു. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയതിനുശേഷം 2022 സെപ്റ്റംബര്‍ 2ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കരട് ജനകീയ ചര്‍ച്ചാരേഖ അവതരിപ്പിക്കും. തുടര്‍ന്ന് ജനകീയ ചര്‍ച്ചകളില്‍ അഭിപ്രായ രൂപീകരണം നടത്തും.

പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് 'കരട്' ജനകീയ ചര്‍ച്ചാരേഖയാണ്. പൊസിഷന്‍ പേപ്പറുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനകീയ ചര്‍ച്ചാകുറിപ്പുകള്‍ നിലപാടുകള്‍ അല്ല ജനാഭിലാഷം അറിയാനുള്ള ചോദ്യങ്ങളാണെ്ന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും തസ്തികകള്‍ നിലനിര്‍ത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ് ഇതുവരെയുള്ള എല്‍ ഡി എഫ് സര്‍ക്കാരുകള്‍ നടത്തിവരുന്നത്. ഇത്തവണ തസ്തിക നിര്‍ണ്ണയത്തിനു ശേഷം പോസ്റ്റ് നഷ്ടപ്പെടുന്നതിന് ഇടവരുന്നപക്ഷം അങ്ങനെയുള്ളവരുടെ കാര്യത്തില്‍1:40എന്ന അനുപാതം നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ആണ്. ഇക്കാര്യത്തില്‍ അദ്ധ്യാപകര്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News