മൂന്നാം കൊവിഡ് തരംഗം; ആശുപത്രി പ്രവേശം 5-10 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശുപത്രി പ്രവേശം 5-10 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സാഹചര്യം വലിയ വേഗത്തില്‍ മാറിമറിയുകയാണെന്നും കൂടുതല്‍ പേര്‍ക്ക് ആശുപത്രി പ്രവേശം വേണ്ടിവന്നേക്കാമെന്നും മുന്നറിയിപ്പും നല്‍കി. രണ്ടാം തരംഗത്തില്‍ 20-23 ശതമാനം ആശുപത്രിപ്രവേശമാണ് റിപോര്‍ട്ട് ചെയ്തിരുന്നത്.
കൊവിഡ് വ്യാപനം കൂടുതല്‍ വ്യാപകമാവുകയാണെങ്കില്‍ ഒരോ നൂറ് ഡെല്‍റ്റാ കേസിലും 400-500 പേര്‍ക്ക് ഒമിക്രോണ്‍ സാധ്യതയുണ്ട്.
ഇന്ന് രാവിലെ പുറത്തുവിട്ട റിപോര്‍ട്ട് അനുസരിച്ച് 1.79 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി. പത്ത് ദിവസം മുമ്പ് രാജ്യത്ത് 10,000-15,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണാണ് പുതിയ കൊവിഡ് വ്യാപനത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഒമിക്രോണിനൊപ്പം രാജ്യത്ത് ഡല്‍റ്റയും വ്യാപിക്കുന്നുണ്ട്.
രാജ്യത്ത് ഇതുവരെ 4,000 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്.
പുതിയ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് ഓക്‌സിജന്‍ ബെഡുകള്‍ കൂടുതല്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരെയും എംബിബിഎസ് വിദ്യാര്‍ത്ഥികളെയും നെഴ്‌സുമാരെയും തയ്യാറാക്കി നിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.