മൂന്നാമത് ഇ. അഹമ്മദ് സ്മാരക ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡോ. സി പി അലി ബാവ ഹാജിയും എംസിഎ നാസറും ജേതാക്കള്‍
ദുബയി: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മൂന്നാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമസാമൂഹ്യ മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച രണ്ടുപേര്‍ക്കാണ് ഇക്കുറി അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അറിയിച്ചു. ഇക്കുറി ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
മീഡിയ വണ്‍ ചാനലിന്റെ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് ഹെഡ് എം സി എ നാസറിനാണ് മാധ്യമ പുരസ്‌കരം. ക്രസന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യക്കകത്തും പുറത്തും വിദ്യാഭ്യാസസാമൂഹ്യ മേഖലകളില്‍ നിരവധി സംരംഭങ്ങളുടെ സാരഥിയുമായ ഡോ. സി പി അലി ബാവ ഹാജിക്കാണ് സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസകരം. മാര്‍ച്ച് 5 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈഖിസൈസിലെ വുഡ് ലെം പാര്‍ക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ഡോ. അബ്ദുസ്സമദ് സമദാനി എം പി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകരായ ദുബൈ കണ്ണൂര്‍ ജില്ലാ കെഎംഎംസി ഭാരവാഹികള്‍ അറിയിച്ചു.
കോളമിസ്റ്റും രാഷ്ട്രീയ ഗവേഷകനുമായ ഡോ. രാംപുനിയാനി, മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ സാഗരിക ഘോഷ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര, പ്രശാന്ത് രഘുവംശം, പൊട്ടങ്കണ്ടി അബ്ദുല്ല തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.
അര നൂറ്റാണ്ടിലേറെയായി പ്രവാസ മണ്ണില്‍ വേരുകളുള്ള ഡോ. സി പി അലി ബാവ ഹാജി 2002-2006 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാരിന് കീഴിലുള്ള ഒഡേപക് ചെയര്‍മാന്‍ ആയിരുന്നു. മലബാര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, എഞ്ചിനീയറിംഗ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ കോളേജ് ഉള്‍ക്കൊള്ളുന്ന ഏറനാട് നോളേജ് സിറ്റി ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമാണ്. മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള ഡോ. എ പി ജെ അബ്ദുല്‍ കലാം സ്മാരക അവാര്‍ഡ്, അര്‍ജുന്‍ സിംഗ് നാഷണല്‍ അവാര്‍ഡ്, ഇന്ത്യന്‍ ഇക്കോണോമിക് ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും നിരവധി സാമൂഹ്യസന്നദ്ധ പ്രസ്ഥാനങ്ങളുടെ സാരഥിയുമാണ്.
മൂന്നു പതിറ്റാണ്ടോളമായി മാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന എം സി എ നാസര്‍ ഇറാഖ് യുദ്ധം, ഇന്ത്യ-പാക് ഉച്ചകോടി, ജിസിസി ഉച്ചകോടികള്‍ എന്നിവ നേരിട്ട് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും നീണ്ട വര്‍ഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ചു. ബഹ്‌റൈനിലും ദുബായിലും ഗള്‍ഫ് മാധ്യമത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്നു. ആകാശവാണി ഡല്‍ഹി നിലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ മലയാള മൊഴിമാറ്റം ഉള്‍പ്പെടെ പുസ്തകങ്ങള്‍ എഴുതിയിട്ടണ്ട്. കാലിക്കറ്റ് ക്യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഏറ്റവും മികച്ച മാഗസിന്‍ എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ ഒരു ഡസനോളം മാധ്യമ അവാര്‍ഡുകളും നേടി.
മാര്‍ച്ച് 5 നു ദുബായില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.