ഇത് വൈരുദ്ധ്യാധിഷ്ഠിത തിരഞ്ഞെടുപ്പ് തന്ത്രം: പുറത്താക്കിയ സിന്ധുമോള്‍ക്കു വേണ്ടി തന്നെ പിറവത്ത് സിപിഎം വോട്ട് ചോദിക്കും
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് സിന്ധുമോള്‍ പറയുന്നത്.
പിറവം: പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മുന്‍ സിപിഎം നേതാവ് സിന്ധുമോള്‍ ജേക്കബ് ജനവിധി തേടുമ്പോള്‍ പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കു വേണ്ടി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍. 2005ല്‍ സിപിഎം പ്രനിധിയായി ജയിച്ച് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ഭരണ രംഗത്തെത്തിയ സിന്ധുമോള്‍ ഇപ്പോള്‍ ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പഠനകാലം മുതല്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തകയായ സിന്ധുമോള്‍ ഒരൊറ്റ ദിവസം കൊണ്ടാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മാറിയത്.
സിന്ധുമോള്‍ ജേക്കബ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ആയതോടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അവരെ സിപിഎം പുറത്താക്കിയിട്ടുണ്ട്. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. സിപിഎം ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായത് പാര്‍ട്ടിയോട് കൂടിയാലോചന നടത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സിന്ധുമോള്‍ ജേക്കബിനെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏറ്റവും കടുത്ത നടപടി തന്നെ സിപിഎം സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ അവര്‍ക്ക് വോട്ടു ചോദിച്ച് പ്രസംഗിക്കാന്‍ സിപിഎം നേതാക്കള്‍ക്കു തന്നെ രംഗത്തിറങ്ങേണ്ടിവരും എന്ന് ഉറപ്പാണ്.
അതേ സമയം സിപിഎം നേതൃത്വത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സിന്ധുമോള്‍ ജേക്കബ് രംഗത്തുവന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആകുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് സിന്ധുമോള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. അതിനിടെ പണംവാങ്ങിയാണ് സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കിയത് എന്ന ആരോപിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം സംഘടനയില്‍ നിന്നും രാജിവച്ചു. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ജില്‍സ് പെരിയപ്പുറത്തെയാണ്. പിന്നീട് ജോസ് കെ മാണി ഇടപെട്ട് ജില്‍സിനെ മാറ്റി സിപിഎമ്മില്‍ നിന്നുള്ള സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.