മാള: കടുത്ത വരള്‍ച്ചയില്‍ നാടെങ്ങും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ സ്വന്തമായി ഒരു ജലനയം ആവിഷ്‌കരിച്ച അനില്‍കുമാറിന് വെള്ളം സുഭിക്ഷമാണ്. പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തി ഏരിമ്മലില്‍ അനില്‍കുമാര്‍ സ്വന്തമായുണ്ടാക്കിയ ജലനയത്തിന്റെ അനുഭവം പറയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങളായി.
സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ നെയ്തക്കുടി കാംകോയിലെ ജീവനക്കാരന്‍ അനില്‍ കുമാറും ഭാര്യയും ഹയര്‍ സെക്കന്ററി അധ്യാപികയുമായ സ്മിതയും ചേര്‍ന്നാണ് ജലസംരക്ഷണത്തിനായി മാതൃകയുണ്ടാക്കിയത്. അനിതയുമായി നടപ്പാക്കിയ ജലസംരക്ഷണ പദ്ധതിയില്‍ മഴവെള്ളം ഒരുതുള്ളിപോലും പാഴാകകില്ല. വീടിന്റെ മുകളില്‍ വീഴുന്ന വെള്ളം പൈപ്പ് ഉപയോഗിച്ച് കിണറിനരികിലേക്ക് എത്തിക്കും. കിണറിനടുത്ത് ശുദ്ധീകരണസംവിധാനത്തിലൂടെ വെള്ളം കിണറിലേക്ക് അരിച്ചെത്തിക്കും. ശുദ്ധീകരണസംവിധാനം അനില്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. മഴവെള്ളം പുറത്തേക്ക് ഒഴുകിപ്പോകാതെ പുരയിടത്തില്‍ നിലനിര്‍ത്താനായി ചുറ്റും മതില്‍ക്കെട്ടിയതും സഹായകമായി. ജലത്തെ പറമ്പില്‍ നിലനിര്‍ത്തി ഭൂമിയിലേക്ക് അരിച്ചിറങ്ങാനാണിത്. അടുക്കളയില്‍ സോപ്പ് ഉപയോഗിക്കാതെ പാത്രം കഴുകുന്ന വെള്ളം സംഭരിച്ച് 15 സെന്റ് പുരയിടത്തിലെ ചെടികള്‍ നനക്കാന്‍ ഉപയോഗിക്കും.