ഈ നിയമം ഇനിയും പ്രബല്യത്തിലായിട്ടില്ല: കാരണം മറുവശത്ത് ആര്‍എസ്എസ് ആണ്

അര്‍എസ്എസിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകും എന്ന പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് അക്കാലത്ത് വ്യക്തമാക്കിയത്.

Update: 2021-02-13 11:50 GMT

കോഴിക്കോട്: ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുന്നതിന് തയ്യാറാക്കുമെന്നു പറഞ്ഞ നിയമം മന്ത്രിസഭയുടെ കാലാവധി അവസാനിക്കുമ്പോഴും നിലവില്‍ വന്നിട്ടില്ല. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് സിപിഎം നേതാക്കള്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 2016ല്‍ പ്രഖ്യാപിച്ചിരുന്നു. നിയമം മൂലം ഇത് തടയാന്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബില്ലിന്റെ കരടുരേഖയില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. നിയമ ലംഘകര്‍ക്ക് ആറു മാസം വരെ തടവ് അല്ലെങ്കില്‍ 5000 രൂപ എന്ന കുറഞ്ഞ ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തത്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


അര്‍എസ്എസിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകും എന്ന പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആര്‍എസ്എസിനെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജ് അക്കാലത്ത് വ്യക്തമാക്കിയത്. 'ആര്‍എസ്എസ് ശാഖ നിരോധിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാനുള്ള കരടുബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് മാത്രമാണ് ലക്ഷ്യമാക്കുന്നത്. ആര്‍എസ്എസ് എന്ന സംഘനടനയെ ഉദ്ദേശിച്ചാണ് എന്നൊക്കെ വെറുതെ പറഞ്ഞു പരത്തുന്നതാണ്. ബില്‍ അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു. നിയമമായി നടപ്പാക്കിയിട്ടില്ല. നിയമസഭയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഇത് നിയമമാകൂ.' എന്നായിരുന്നു 2019 നവംബര്‍ 25ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.


ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പരിശീലനം തടയുമെന്ന് 2017ല്‍ ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു തക്ക നിയമ നിര്‍മാണം നടത്തുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. അര്‍എസ്എസ്


പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 40തോളം കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിനെതിരെ സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്നു പോലും ആരോപണം ഉയര്‍ന്നിട്ടും അത് നിരോധിക്കുന്നതിന് പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറുഭാഗത്ത് ആര്‍എസ്എസ് ആയതിനാല്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം നിയമം പാസാക്കുന്നതില്‍ സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.


ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുമെന്ന് 2016ലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. അതിനു ശേഷം ഇപ്പോള്‍ 5 വര്‍ഷത്തെ കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ പടിയിറങ്ങുകയാണ്. ഇത്രയും സമയം ലഭിച്ചിട്ടും ആര്‍എസ്എസിന്റെ ആയുധ പരിശീലനം തടയുന്നതിനുള്ള നിയമനിര്‍മാണം എവിടെയും എത്താതെ രേഖയില്‍ മാത്രമായി അവശേഷിക്കുകയാണ്.




Tags:    

Similar News