ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയവരെ അറസ്റ്റ് ചെയ്തു
ബത്‌ലഹേം അസോസിയേറ്റസ് എന്ന വ്യാജ മേല്‍വിലാസത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം
മലപ്പുറം: വന്‍തുക ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത നാല് പേരെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി സ്വദേശി വീരകുമാര്‍, കോട്ടയം സ്വദേശി സരുണ്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിന്‍, പത്തനംതിട്ട റാന്നി സ്വദേശി രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ബത്‌ലഹേം അസോസിയേറ്റസ് എന്ന വ്യാജ മേല്‍വിലാസത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. കേരളത്തിലുടനീളം നിരവധി പേര്‍ ഇവരുടെ വലയിലായതായി പോലിസ് പറഞ്ഞു. പ്രതികളില്‍ നിന്ന് 15 മൊബൈല്‍ ഫോണും 16 എടിഎം കാര്‍ഡും ആഡംബര കാറും പിടിച്ചെടുത്തു. കുറഞ്ഞ പലിശക്ക് ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് പേര്‍ക്ക് ഫോണില്‍ സന്ദേശമയച്ചായിരിന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പിന്നീട് മുദ്രപേപ്പര്‍, സര്‍വീസ് ചാര്‍ജ് തുടങ്ങി വിവിധ പേരുകളില്‍ പണം ഈടാക്കുന്നതായിരുന്നു രീതി.