സൗദി ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അറാര്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറാര്‍ ബ്രാഞ്ച് കമ്മറ്റി നോര്‍ത്തേണ്‍ ബോര്‍ഡര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ട് സൗദി ദേശീയ ദിനത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സാമൂഹ്യ ബാധ്യത ഏറ്റെടുത്താണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പുമായി മുന്നിട്ടിറങ്ങിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൊവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടുന്നതില്‍ ലോകത്തു തന്നെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചത് സൗദി ഭരണകൂടത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്.സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി സേവനങ്ങള്‍ ഭരണകൂടം നല്‍കി. സോഷ്യല്‍ ഫോറം സൗദിയില്‍ നടത്തിവരുന്ന ജനസേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടിയും നടത്തിയത്.
നോര്‍ത്തേണ്‍ ബോര്‍ഡര്‍ രക്തബാങ്ക് മേധാവികളായ അബ്ദുല്ല ത്വാഹിര്‍ അല്‍ അനസി, സുല്‍ത്താന്‍ രിദാ അല്‍ അനസി, നവാഫ് അസീസ് അല്‍ അനസി എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു.
രക്തദാന ക്യാമ്പിന് സോഷ്യല്‍ ഫോറം അറാര്‍ പ്രസിഡന്റ് ശരീഫ് നാട്ടുകല്‍, സെക്രട്ടറി ജുബൈര്‍ ചേളാരി, ഭാരവാഹികളായ അഷ്‌റഫ് പുത്തൂര്‍, റിയാസ് കാരക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ നിരവധി ആളുകള്‍ രക്തദാനം നടത്തി.