കുവൈത്തില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മൂന്ന് ആപ്പുകള്‍ റദ്ദ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാനിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ 3 പ്രധാന ആപ്പുകള്‍ റദ്ദ് ചെയ്തു. കുവൈത്ത് മുസാഫിര്‍, ബില്‍ സലാമ, മുന മുതലായ പ്ലേറ്റ്‌ഫോമുകളാണ് റദ്ദ് ചെയ്തത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഫെബ്രുവരി 23 ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാനിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏറ്റവും സുപ്രധാനമായ ആപ്പ് ആയിരുന്നു മുസാഫിര്‍. കുവൈത്തിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും ഈ പ്ലേറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ യാത്ര സാധ്യമാകുമായിരുന്നുള്ളൂ.
ഗാര്‍ഹിക ജീവനക്കാര്‍ക്ക് രാജ്യത്ത് തിരികെ വരാന്‍ പുറത്തിറക്കിയ ആപ്പ് ആയിരുന്നു ബില്‍ സലാമ. ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമായിരുന്നു ഗാര്‍ഹിക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമായിരുന്നത്. അതേ പോലെ രാജ്യത്തേക്ക് വരുന്നവരുടെ പി. സി. ആര്‍. സര്‍ട്ടിഫിക്കറ്റ് പരിശോധന ഏകീകരിക്കുന്ന സംവിധാനമായിരുന്നു മുന ആപ്പ്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിയന്ത്രണങ്ങളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു യാത്രയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ പ്രധാനപ്പെട്ട 3 പ്ലേറ്റ്‌ഫോമുകള്‍ റദ്ദ് ചെയ്യുന്നത്.