ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നകാര്യം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചത്.

Update: 2020-07-07 09:54 GMT

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നകാര്യം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചത്. ഈ നിര്‍ദേശം പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുന്നിലെത്തിയിട്ടില്ല. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചിന്തിക്കുകയാണ്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോക് കൈകാര്യംചെയ്യുന്നത് സംബന്ധിച്ച് അധികൃതര്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് കമ്പനിയായ ടിക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യംചെയ്യുന്ന രീതിയില്‍ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ യുഎസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കല്‍, രാജ്യസുരക്ഷ എന്നിവ മുന്‍നിര്‍ത്തി ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കന്‍ ഭരണകൂടവും നീങ്ങുന്നത്.

നേരത്തെ ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം അമേരിക്ക പിന്തുടരണമെന്നും രാജ്യത്തെ പല കോണുകളില്‍നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. കൊവിഡ് വ്യാപന വിഷയത്തിലും ചൈനക്കെതിരേ അമേരിക്ക തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ആലോചിക്കുന്നുവെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം. 

Tags:    

Similar News