ഫേസ്ബുക്കിലൂടെ മനുഷ്യരുടെ അസ്ഥികള്‍ വിറ്റ രണ്ടു പേര്‍ അറസ്റ്റില്‍; തലയോട്ടിക്ക് 51,000 രൂപയെന്ന് പോലിസ്

ഫ്‌ളോറിഡ(യുഎസ്): ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസിലൂടെ മനുഷ്യരുടെ അസ്ഥികള്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍.കിംബര്‍ലീ ഷോപ്പര്‍, ആഷ്‌ലി ലെലെസി എന്നിവരെയാണ് ഓറഞ്ച് സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്. മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ പലരില്‍ നിന്നും വാങ്ങി വിറ്റു എന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ 17 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരമൊരു കേസ് മുന്നില്‍ വന്നിട്ടില്ലെന്ന് ഓറഞ്ച് സിറ്റി പോലിസിലെ എല്‍ ഷാമി എബിസി ന്യൂസിനോട് പറഞ്ഞു.
കിംബര്‍ലിയും സംഘവും അസ്ഥികള്‍ വില്‍ക്കുന്നതായി 2023ല്‍ തന്നെ സൂചന ലഭിച്ചിരുന്നതായി പോലിസ് അറിയിച്ചു. തലയോട്ടിയിലെ രണ്ടു എല്ലുകള്‍ 90 ഡോളറിനും (7,714 രൂപ), കഴുത്തിലെ ഒരു എല്ലും തോളെല്ലിന്റെ ഒരു കഷ്ണവും 7,714 രൂപയ്ക്കും തലയോട്ടി 51,000 രൂപയ്ക്കുമാണ് ഇവര്‍ വിറ്റിരുന്നത്. ഫ്‌ളോറിഡ സംസ്ഥാനത്ത് മനുഷ്യരുടെ എല്ലുകള്‍ വില്‍ക്കുന്നത് നിയമപരമായി തെറ്റാണെന്ന് അറിയില്ലായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.