മലമ്പുഴ വനത്തില്‍ പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട്, പോലിസ് സംഘം കാട്ടില്‍ കുടുങ്ങി
വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം
പാലക്കാട്: പാലക്കാട് മലമ്പുഴ വനത്തില്‍ പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട് , പോലിസ് സംഘം വഴി തെറ്റി കാട്ടില്‍ കുടുങ്ങി. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. ഇവര്‍ക്കായി പോലിസും, വനം വകുപ്പും ആദിവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഞ്ചാവ് പരിശോധനയക്കാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു. വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പോലിസ് നല്‍കുന്ന വിവരം.
കാട്ടില്‍ കുടുങ്ങിയ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അടക്കമുള്ള 14 അംഗ സംഘത്തെ കണ്ടെത്താന്‍ നാളെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തും. പുലര്‍ച്ചെ 6 മണിയോടെ വാളയാര്‍ ചാവടിപ്പാറയില്‍ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തിരച്ചിലിന് ഇറങ്ങുക.